തദ്ദേശഫ-ണ്ട് വെട്ടിക്കുറയ്‌ക്കൽ
ജനപ്രതിനിധികളുടെ പ്രതിഷേധമിരമ്പി

പാലക്കാട്
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതവും ആസ്‌തി സംരക്ഷണ മെയിന്റനൻസ് ഗ്രാന്റും അനുവദിക്കുന്നതിൽ കാലതാമസവും വെട്ടിക്കുറവും വരുത്തിയ സംസ്ഥാന സർക്കാരിനെതിരെ കലക്ടറേറ്റിനുമുന്നിൽ സിപിഐ എം ജനപ്രതിനിധികൾ ധർണ നടത്തി. പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കിട്ടാൻ സമരം നടത്തേണ്ട കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. സാന്പത്തികവർഷം തുടങ്ങി നാലുമാസമായിട്ടും ആദ്യഗഡുപോലും നൽകിയിട്ടില്ല. എൽഡിഎഫ് അനുവദിച്ച തുക വിട്ടുനൽകാനും തയ്യാറായിട്ടില്ല. തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ആദ്യ ബജറ്റിൽ തന്നെ 1334 കോടി വെട്ടിക്കുറച്ചു. ബാക്കി തുക വിതരണം ചെയ്യുന്നുമില്ല. രണ്ട് പിണറായി സർക്കാരുകൾ പത്തുവർഷത്തിനുള്ളിൽ 1,23,175 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി അനുവദിച്ചത്. 29,500 കോടി മാത്രമാണ് അതിനുമുന്പുള്ള യുഡിഎഫ് സർക്കാർ അനുവദിച്ചത്. അധികാരത്തിൽ വരുന്പോൾ തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തുഞെരിക്കലാണ് യുഡിഎഫിന്റെ രീതിയെന്നും രാജേഷ് പറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികൾ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു. തദ്ദേശസ്ഥാപനങ്ങൾക്ക് ആസ്‌തി സംരക്ഷണ ഗ്രാന്റ്, റോഡ് ഇതര ആസ്‌തി സംരക്ഷണ ഗ്രാന്റ് എന്നീ ഇനങ്ങളിലായി ആകെ 4,315 കോടിയാണ് ലഭിക്കേണ്ടത്. ആദ്യ ഗഡുവായി 1348.56 കോടി ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ അനുവദിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലം വൈകിയെങ്കിലും പുതിയ സർക്കാർ അധികാരമേറ്റ് രണ്ടുമാസത്തോളമായിട്ടും തുക വിതരണം ചെയ്തിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾപ്പോലും പ്രതിസന്ധിയിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്, കെ ശാന്തകുമാരി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു. എംഎൽഎമാരായ പി മമ്മിക്കുട്ടി, എ പ്രഭാകരൻ, കെ പ്രേംകുമാർ, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സരിത തുടങ്ങിയവർ പങ്കെടുത്തു.










0 comments