നഷ്ടപ്പെട്ട 680 ഫോണുകള്‍ പൊലീസ് കണ്ടെത്തി
തിരികെ വീണ്ടും ആ റിങ് ട്യൂണുകള്‍

പാലക്കാട്
മോഷ്ടിക്കപ്പെട്ടതും കളഞ്ഞുപോയതുമായ സ്‌മാർട്ട് ഫോണുകൾ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി ജില്ലാ പൊലീസ്. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ 680 ഫോണാണ് ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സിഇഐആർ (സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ) പോർട്ടൽ ഡ്രൈവിലൂടെ കണ്ടെത്തിയത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി എസ് സിനോജ് വീണ്ടെടുത്ത 46 ഫോണുകൾ ഉടമസ്ഥർക്ക് നേരിട്ട് കൈമാറി. നേരത്തെ 220 ഫോൺ വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനുകൾ വഴി ഉടമകൾക്ക് നൽകിയിരുന്നു. പരിപാടിയിൽ ഫോണുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൈബർ പൊലീസ് ക്ലാസ് നടത്തി. നഷ്ടപ്പെട്ട ഫോണുകളും സിം കാർഡുകളും ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ടെന്നും ഓൺലൈൻ നിക്ഷേപ വാഗ്‌ദാനങ്ങൾക്കോ, 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിലുള്ള ഭീഷണികൾക്കോ ഇരയാകരുതെന്നും മുന്നറിയിപ്പ് നൽകി. ഫോൺ നഷ്ടപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. സിഇഐആർ പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ നിപുൺ ശങ്കർ, എസ്ഐ ബൈജു സി എൽദോ, സിവിൽ പൊലീസ് ഓഫീസർ ജി ദീപക് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഫോണുകൾ വീണ്ടെടുക്കാനുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.










0 comments