"തത്വ'യിൽ സംഗീതം പ്രകാശിക്കുന്നു

സായൂജ് ചന്ദ്രൻ
പാലക്കാട്
അബാം മൂവീസിന്റെ ബാനറിൽ തയ്യാറാക്കിയ ചലച്ചിത്രം "രവീന്ദ്രാ നീ എവിടെ' വെള്ളിയാഴ്‌ച പുറത്തിറങ്ങുമ്പോൾ വിജയത്തിന്റെ മാധുര്യം നുകരാൻ പാലക്കാട്ടെ തത്വ മ്യൂസിക് സ്റ്റുഡിയോയും സംഗീത സംവിധായകൻ പ്രകാശ് ഉള്ള്യേരിയും. പ്രകാശ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്ന മൂന്നാമത്തെ സിനിമയാണ് രവീന്ദ്ര നീ എവിടെ. അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് പാലോടനാണ് ചിത്രം സംവിധാനം ചെയ്തത്. കൃഷ്ണ പൂജപ്പുര തിരക്കഥ രചിച്ച സിനിമ എബ്രഹാം മാത്യുവാണ് നിർമാണം. ബി കെ ഹരിനാരായണന്റെ വരികൾക്കാണ് പ്രകാശ് സംഗീതം പകർന്നത്. ശങ്കർ മഹാദേവൻ ആലപിച്ച "മഴ മഴ മഴ നനഞ്ഞെടി' ഗാനം ഇതിനോടകം യുട്യൂബിൽ മികച്ച പ്രതികരണം നേടി. ഗായകൻ ഹരിഹരൻ പാടിയ മറ്റൊരു പാട്ടും ആകർഷണമാണ്. ഹാർമോണിയം വാദകനായി കഥാപ്രസംഗങ്ങൾക്കും നാടകങ്ങൾക്കും പശ്ചാതല സംഗീതമൊരുക്കിയായിരുന്നു പ്രകാശിന്റെ തുടക്കം. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ പ്രകാശ് 40 വർഷംമുമ്പാണ് പാലക്കാട്ടേക്കെത്തുന്നത്. പാലക്കാട് ഗവ. ചെമ്പൈ സംഗീത കോളേജിൽ പഠനം പൂർത്തിയാക്കി. ശേഷം പാലക്കാട് കാടാങ്കോട് സ്ഥിരതാമസമാക്കി. 2004ൽ പുറത്തിറങ്ങിയ പ്രിയം പ്രിയങ്കരം ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആറുവർഷം മുമ്പാണ് പാലക്കാട് പുത്തൂരിൽ തത്വ മ്യൂസിക് സ്റ്റുഡിയോ ആരംഭിക്കുന്നത്. സംഗീതം അഭ്യസിക്കാൻ നിരവധി വിദ്യാർഥികൾ ഇവിടെ എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങൾക്കുകൂടെ സംഗീതമൊരുക്കുന്ന തിരക്കിലാണ് പ്രകാശിപ്പോൾ.









0 comments