ad
Deshabhimani

ഐഐടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പ്രതി സുമനുമായി അയ്യപ്പൻമലയ്ക്ക് സമീപം അന്വേഷകസംഘം തെളിവെടുപ്പ് നടത്തുന്നു

പ്രതി സുമനുമായി അയ്യപ്പൻമലയ്ക്ക് സമീപം അന്വേഷകസംഘം തെളിവെടുപ്പ് നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 12:05 AM | 2 min read

കഞ്ചിക്കോട്

പാലക്കാട് ഐഐടി ക്യാന്പസിനുള്ളിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിലെ പ്രതിയുമായി അന്വേഷണ സംഘം ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്തി. കൊൽക്കത്ത സ്വദേശിയായ സുമനാണ് വിദ്യാർഥിനിയായ അശ്വനിയെ (23) ഇരുമ്പുവടികൊണ്ട്‌ ആക്രമിച്ചത്‌. മൊബൈൽ ഫോൺ കവർച്ചയായിരുന്നു ലക്ഷ്യമെന്നും ഇത്‌ എതിർത്തതിനാലാണ്‌ ആക്രമിച്ചതെന്നും പ്രതി വെളിപ്പെടുത്തി. ഭക്ഷണം ഡെലിവറി ചെയ്യാനായി ക്യാമ്പസിൽ സ്കൂട്ടർ വന്ന സമയം ഓടി രക്ഷപ്പെട്ട പ്രതി തൊട്ടടുത്ത പാറക്കെട്ടിൽ വസ്ത്രവും ആയുധവും ഉപേക്ഷിച്ച് അന്ന് രാത്രി അവിടെ തന്നെ ഒളിച്ചിരുന്നു. ഇവ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. ഐഐടി ക്യാന്പസിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട്ടെത്തിയ സുമൻ ക്യാന്പസ് പരിസരത്ത് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഷെഡിലാണ് താമസിച്ചിരുന്നത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം സ്ഥലത്തുനിന്ന്‌ കടന്നപ്രതി 18 ദിവസം പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചശേഷമാണ് കൊൽക്കത്തയിലെത്തിയത്. പ്രതിയെ കണ്ടെത്താൻ പൊലീസിന്‌ മൂന്നരമാസം വേണ്ടിവന്നു. ആക്രമണത്തിന് ശേഷം ക്യാന്പസ്‌ പരിസരത്തുനിന്ന്‌ പോയ അതിഥിത്തൊഴിലാളികളുടെ വിവരങ്ങളും ഫോൺ കോളുകളും ശേഖരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ജൂൺ നാലിന് സുമനെ കൊൽക്കത്തയിൽനിന്ന്‌ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ച ആക്രമണത്തിനിരയായ വിദ്യാർഥിനി സുമനെ തിരിച്ചറിഞ്ഞിരുന്നു. ഫെബ്രുവരി 23നാണ് ഡാറ്റാ സയൻസ് എൻജിനിയറിങ്‌ വിദ്യാർഥിനിയായ തമിഴ്‌നാട് സേലം സ്വദേശിനി അശ്വനിക്കുനേരെ ആക്രമണമുണ്ടായത്. രാത്രി എട്ടരയോടെ സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക്‌ നടന്നു പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. കസബ പൊലീസ് ഇൻസ്പെക്ട‌ർ അമൃത് രംഗൻ, എസ്ഐ എച്ച് ഹർഷാദ്, എഎസ്ഐ കാദർ ബാഷ, സീനിയർ സിപിഒമാരായ ആർ രഘു, സി മൈഷാദ്, എസ് ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്ന് 
കോടതിയിൽ ഹാജരാക്കും

പാലക്കാട് ഐഐടി ക്യാന്പസിനുള്ളിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വ്യാഴം പകൽ ഒന്നിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതി ആക്രമണത്തിനുപയോഗിച്ച ഇരുമ്പുകമ്പിയും മരത്തടിയും അയ്യപ്പൻമലയ്ക്കു താഴെയുള്ള വനമേഖലയിൽനിന്ന്‌ പൊലീസ് കണ്ടെടുത്തു. സംഭവസമയത്ത് പ്രതി സുമൻ ധരിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങളും പൊലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തു. ആക്രമണം നടന്ന കോളേജ് ക്യാന്പസ്, പ്രതി താമസിച്ചിരുന്ന ലേബർ ക്യാന്പ്‌, ആയുധങ്ങളും വസ്ത്രങ്ങളും ഉപേക്ഷിച്ച അയ്യപ്പൻമലയടിവാരം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. പ്രതിക്കെതിരെ നിലവിൽ വധശ്രമം, കവർച്ച ലക്ഷ്യമിട്ടുള്ള ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. യുവതിക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home