നെഞ്ചോട് ചേരുന്നതിങ്ങനെ


സ്വന്തം ലേഖകൻ
Published on Aug 12, 2025, 01:00 AM | 1 min read
പാലക്കാട് ‘
മാഡം ഇതുപോലെ ഒരു മോള്‍ എനിക്കും ഉണ്ട്. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020ല്‍ ആദ്യ സര്‍ജറി ലിസി ആശുപത്രിയിൽ ചെയ്‌തു. ഇപ്പോള്‍ ലിസി ഹൃദ്യം പദ്ധതിയിൽനിന്ന് ഒഴിവായതിനാൽ അമൃതയിലാണ് കാണിക്കുന്നത്. അവിടത്തെ ഡോക്ടമാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. പാലക്കാട് ഹൃദ്യത്തില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ട് ഒരു മാസമായി. മാഡത്തിന് ഇതില്‍ ഇടപെടാന്‍ സാധിക്കുമോ'– എലവഞ്ചേരി സ്വദേശിയായ പ്രകാശൻ മന്ത്രി വീണാ ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനുതാഴെ ഇട്ട കമന്റാണിത്. ഉടന്‍ മന്ത്രിയുടെ മറുപടി ‘സംസ്ഥാന നോഡല്‍ ഓഫീസര്‍ അങ്ങയെ കോണ്‍ടാക്ട് ചെയ്യും. അങ്ങേയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നു. ലിസി ഹോസ്പിറ്റല്‍ നിലവില്‍ ഹൃദ്യം ആശുപത്രിയാണ്. എന്താണ് ഉണ്ടായതെന്ന് പരിശോധിച്ചു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്'. മണിക്കൂറുകൾ കഴിഞ്ഞില്ല പ്രകാശന്റെ രണ്ടാമത്തെ കമന്റുമെത്തി. ‘മാഡം വളരെയധികം നന്ദി. പാലക്കാട് നോഡല്‍ ഓഫീസര്‍ വിളിച്ചിരുന്നു. ചൊവ്വാഴ്ച അപ്പോയിൻമെന്റ് തരികയും ചെയ്തു. നന്ദി മാഡം. ജീവിതത്തില്‍ മറക്കില്ല, മാഡത്തിനെയും ഈ ഗവണ്‍മെന്റിനെയും'. നമ്മുടെ സമാനതകളില്ലാത്ത ആരോഗ്യമേഖലയുടെ വേഗവും കാര്യക്ഷമതയുമാണ് പ്രകാശന്റെ വാക്കുകളിലൂടെ കേരളം കണ്ടത്. ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്. ഇതിനു താഴെയായിരുന്നു പ്രകാശന്റെ അഭ്യർഥന. 2020ലായിരുന്നു പ്രകാശന്റെ കുട്ടിയുടെ ആദ്യ ശസ്ത്രക്രിയ, പിന്നീടുള്ള ചികിത്സയും മുടക്കമില്ലാതെ നടന്നു. ഇൗ വർഷം ആൻജിയോഗ്രാമും ചെയ്തിരുന്നു. തുടർന്നാണ് കാത്തിന് അപേക്ഷിച്ചത്. എന്നാൽ, എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതിനാൽ അമൃത ആശുപത്രിയിലേക്ക് അപേക്ഷിച്ചതോടെ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. ഇതാണ് മന്ത്രി ഇടപെട്ട് മാറ്റിയത്. പ്രകാശനെപ്പോലെ ആയിരക്കണക്കിന് രക്ഷിതാക്കൾക്കാണ് നടപടി ആശ്വാസമേകുന്നത്.









0 comments