ആവേശം, കണ്ണീർ, ഒടുവിൽ വെള്ളിച്ചിരി


സ്വന്തം ലേഖകൻ
Published on Sep 29, 2026, 02:00 AM | 1 min read
പാലക്കാട്
നഗോയയിലെ പെരുമഴയിൽ, യാക്കര ‘ശ്രീപാർവതി’യും നനഞ്ഞു. സ്വപ്നപിറ്റിൽ, ശങ്കുവിന് കാലിടറിയപ്പോൾ ടിവിക്ക് മുന്നിലിരുന്ന അമ്മ ബിജിമോൾ കണ്ണീരടക്കാൻ പാടുപ്പെട്ടു. ഒടുവിൽ ഉദയസൂര്യന്റെ നാട്ടിൽനിന്ന് ആ സന്തോഷ വാർത്തയെത്തി. ശങ്കുവിന് സുവർണവെള്ളി. പോഡിയത്തിൽ ഇന്ത്യൻ പതാക ഉയർന്നപ്പോൾ ഉറ്റവർക്കും നാടിനും ആനന്ദക്കണ്ണീർ. മത്സരം തുടങ്ങിയതോടെ വൈകാരിക നിമിഷങ്ങൾക്കാണ് ശ്രീപാർവതി സാക്ഷിയായത്. ആ കുതിപ്പുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ ആകാംക്ഷയും ആവേശവും, നാലാംചാട്ടത്തിൽ മഴകാരണം ടേക്ക് ഓഫ് ബോർഡിൽ തെന്നിയതോടെ സന്തോഷം അലതല്ലിയ മുഖങ്ങളിൽ നിരാശയായി. ട്രാക്കിലെ നിരവധി നേട്ടങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയായ കെ എസ് ബിജിമോൾ കണ്ണീരിലലിഞ്ഞു. ഒടുവിൽ ഫലം വന്നതോടെ ശ്രീപാർവതിയിൽ പുഞ്ചിരികൾ വിടർന്നു. നാടും വീടും ആഘോഷത്തിലേക്ക്, മകന്റെ വെള്ളിത്തിളക്കത്തിന്റെ ആവേശത്തിൽ ബിജിമോൾക്ക് ആനന്ദക്കണ്ണീർ, മധുരം പങ്കുവച്ച് ബന്ധുക്കളും സുഹൃത്തുക്കളും യാക്കരയുടെ ശങ്കുവിന്റെ നേട്ടം ആഘോഷമാക്കി. സന്തോഷം ഇരട്ടിയാക്കി അച്ഛനും പരിശീലകനുമായ മുരളി വീട്ടിലേക്ക് ജപ്പാനിലെ നഗോയയിൽനിന്ന് വീഡിയോകോൾ ചെയ്തു. കൂടെ പി ടി ഉഷയും ചേർന്നതോടെ ഇരട്ടിമധുരം. മത്സരം തുടങ്ങുംമുന്പ് ബന്ധുക്കളും സുഹൃത്തുക്കളും വി കെ ശ്രീകണ്ഠൻ എംപിയടക്കമുള്ളവരും വീട്ടിലെത്തിയിരുന്നു. രണ്ടാം ഏഷ്യൻ ഗെയിംസ് വെള്ളിപ്പതക്കം പാലക്കാടിന്റെ മണ്ണിലെത്തുന്നത് ആഘോഷമാക്കാൻ നാട് കാത്തിരിക്കുകയാണ്. എൻജിനിയറിങ്ങിനും മെഡിസിനും പ്രവേശനം കിട്ടിയിരുന്നെങ്കിലും കളത്തിൽ തുടരാൻ വേണ്ടി അത് ഉപേക്ഷിച്ച ശ്രീ ബിഎസ്സി മാത്തമാറ്റിക്സിൽ അഞ്ചാം റാങ്കോടെയാണ് ബിരുദം നേടിയത്. കാൽമുട്ടിലെ ലിഗ്മെന്റിന്റെ പരിക്ക് മാറിയശേഷമാണ് ജപ്പാനിലിറങ്ങിയത്.
പരിക്കിനെ മറികടന്ന് നേടിയ സ്വപ്നം
"കാലിന് പരിക്കേറ്റപ്പോൾ വലിയ വിഷമമായി. എങ്കിലും സിൽവർ കിട്ടി. കഴിഞ്ഞതവണ വലിയ പരിക്കേറ്റിരുന്നു. തിരിച്ചുവരവിന് അഞ്ച് ശതമാനം മാത്രമായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്ന സാധ്യത. എന്നാൽ, കഠിനാധ്വാനംകൊണ്ട് അവൻ അത് മറികടന്നു'. ഒടുവിൽ നാട്ടിലെത്തിയപ്പോൾ ഏഷ്യൻ ഗെയിംസിന്റെ സ്വർണം മെഡൽ വെക്കാൻ ഷെൽഫിൽ സ്ഥലമൊരുക്കിയശേഷമാണ് അവൻ പോയത്. ആ ഇടം ഒഴിഞ്ഞുകിടക്കില്ലയെന്നത് സന്തോഷം. കെ എസ് ബിജിമോൾ – (ശ്രീശങ്കറിന്റെ അമ്മ)








0 comments