ad
Deshabhimani

കർഷക സംഘം പ്രതിഷേധത്തിന്‌ പിന്നാലെ നടപടി

കോട്ടത്തറയിൽ ഡിജിറ്റൽ സർവേ തുടരും

കോട്ടത്തറയിലെ ഡിജിറ്റൽ റീസർവേ ഓഫീസിനുമുന്നിൽ കർഷകസംഘം അട്ടപ്പാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 AM | 1 min read

അഗളി

അട്ടപ്പാടി കോട്ടത്തറ വില്ലേജിൽ പുരോഗമിക്കുന്ന ഡിജിറ്റൽ ഭൂസർവേ നിർത്തിവയ്ക്കാനുള്ള നീക്കത്തിനെതിരെ കർഷക സംഘം പ്രതിഷേധിച്ചതിനെത്തുടർന്ന് നടപടി മരവിപ്പിച്ചു. അട്ടപ്പാടിയിലെ ഭൂമിയുടെ കൈവശരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് കോട്ടത്തറ വില്ലേജിൽ ഡിജിറ്റൽ സർവേ ആരംഭിച്ചത്. എന്നാൽ, സർവേ നടപടികൾ ഏതാണ്ട് പൂർത്തിയാകാറായ സാഹചര്യത്തിൽ അറിയിപ്പില്ലാതെ നിർത്തലാക്കാൻ ജില്ലാ റിസർവേ സൂപ്രണ്ട് കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. പരമാവധി മൂന്ന് മാസംകൊണ്ട് പൂർത്തിയാകേണ്ട സർവേ നിർത്തിവച്ച യുഡിഎഫ് സർക്കാരിന്റെ നടപടി ഭൂമാഫിയകളെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് കർഷക സംഘം അട്ടപ്പാടി ഏരിയ കമ്മിറ്റി കോട്ടത്തറ റിസർവേ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. മാർച്ച് സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി കെ വി അനീഷ് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ്‌ പി രാമമൂർത്തി, ട്രഷറർ എൻ പി ഷാജൻ, സിപിഐ എം കോട്ടത്തറ ലോക്കൽ സെക്രട്ടറി ടി രവി എന്നിവർ സംസാരിച്ചു. പ്രതിഷേധം ശക്തമായതോടെ സർവേ നിർത്തലാക്കാനുള്ള നടപടികൾ അധികൃതർ മരവിപ്പിക്കുകയായിരുന്നു. സർവേ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ബലേഷുമായി ഫോണിൽ നടത്തിയ ചർച്ചയിൽ സർവേ നടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥരെ പിൻവലിക്കില്ലെന്നും ഉറപ്പ് ലഭിച്ചതായി എ പരമേശ്വരൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home