ad
Deshabhimani

രോഗികളെ വലച്ച്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

പെരിട്ടോണിയൽ ഡയാലിസിസ്; ഫ്ലൂയിഡ് കിട്ടാനില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിഖിൽ രവീന്ദ്രൻ

Published on Jun 03, 2026, 12:59 AM | 1 min read

പാലക്കാട്‌

പെരിട്ടോണിയൽ ഡയാലിസിസ്‌ ചെയ്യുന്ന വൃക്ക രോഗികൾക്ക്‌ ജില്ലാ ആശുപത്രി വഴി സൗജന്യമായി നൽകിയിരുന്ന ഫ്ലൂയിഡ് വിതരണം നിലച്ചു. കാരുണ്യ ഫാർമസികളിൽനിന്ന് കാരുണ്യ ഇൻഷുറൻസ് ഉപയോഗിച്ച്‌ വാങ്ങുന്ന ഫ്ലൂയിഡ്‌ ബാഗിന്റെ എണ്ണം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ഇതോടെ രോഗികളും ബന്ധുക്കളും ഇരട്ട പ്രതിസന്ധിയിലായി. നേരത്തെ ഡയാലിസിസിനുള്ള ഫ്ലൂയിഡും അനുബന്ധ ഉപകരണങ്ങളും സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യമായി നൽകിയിരുന്നു. ഇതിനുപുറമേ മുന്പ്‌ ഒരു മാസത്തേക്കുള്ള മുഴുവൻ ഫ്ലൂയിഡുകളും കാരുണ്യ ഫാർമസികളിൽനിന്ന് രോഗികൾക്ക് നൽകിയിരുന്നു. കേന്ദ്രസർക്കാർ സോഫ്‌റ്റ്‌വെയറിൽ വരുത്തിയ മാറ്റപ്രകാരം ഒരു രോഗിക്ക്‌ ഒന്പത്‌ ബാഗ്‌ ഫ്ലൂയിഡ്‌ മാത്രമാണ്‌ നിലവിൽ ഒരുമിച്ച്‌ നൽകുന്നത്‌. മുന്പ്‌ 90-–100 ഫ്ലൂയിഡ്‌ ബാഗ്‌ വരെ നൽകിയിരുന്ന സ്ഥാനത്താണിത്‌. കേരളത്തിൽ പെരിട്ടോണിയൽ ഡയാലിസിസ്‌ കൂടുതൽ നടക്കുന്നതിനാൽ കേന്ദ്ര നിയന്ത്രണത്തിൽ മലയാളികളാണ്‌ കൂടുതൽ വലയുന്നത്‌. മൂന്നുനേരം ഫ്ലൂയിഡ്‌ ഉപയോഗിക്കേണ്ട രോഗികൾ മൂന്നുദിവസം കൂടുന്പോൾ ഫ്ലൂയിഡ് വാങ്ങേണ്ട സ്ഥിതിയാണ്‌. മാസത്തിൽ പത്തിൽക്കൂടുതൽ തവണ രോഗികൾ ആശുപത്രിയിലെത്തണം. ബസിൽ യാത്രചെയ്യാനാകാത്തവരാണ്‌ മിക്കരോഗികളും. ഇവർക്ക്‌ ആശുപത്രിയിലെത്താൻ മാത്രം മാസം എണ്ണായിരത്തിലധികം രൂപ ചെലവാകും. പുറത്തുനിന്ന്‌ വാങ്ങുകയാണെങ്കിൽ 20,000–30,000 രൂപ മാസം ചെലവ്‌ വരും. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽനിന്നുമാത്രം 69 രോഗികൾക്കാണ്‌ ഫ്ലൂയിഡ് നൽകിയിരുന്നത്‌. ആശുപത്രിയിൽ പോകാതെ രോഗിക്ക് വീട്ടിൽതന്നെ സ്വയം ചെയ്യാവുന്നതാണ് പെരിട്ടോണിയൽ ഡയാലിസിസിന്റെ ഗുണം. ഹീമോ ഡയാലിസിസ്‌-പോലെ സൂചികൾ ഉപയോഗിക്കേണ്ടി വരുന്നില്ല. രോഗികളുടെ ബന്ധുക്കൾക്ക്‌ പ്രത്യേകം പരിശീലനം നൽകിയാണ്‌ ഇത്‌ നടത്തുന്നത്‌. ഒരു ബോക്‌സിൽ ആറ്‌ ബാഗ്‌ ഫ്ലൂയിഡാണ്‌ ഉണ്ടാകുക. ഒരു നേരത്തെ ഡയാലിസിസിന്‌ ഒരു ബാഗ്‌ വേണ്ടിവരും. മൂന്നുനേരവും ഉപയോഗിക്കുന്ന നൂറുകണക്കിന്‌ രോഗികൾ ജില്ലയിലുണ്ട്‌. പ്രശ്‌നം രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും ആശുപത്രികൾ വഴിയുള്ള വിതരണം ഉടൻ തുടങ്ങുമെന്നും ആരോഗ്യവകുപ്പ്‌ അധികൃതർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home