മുന്നോട്ടല്ല; പിന്നോട്ടും നടക്കും സഞ്ജീവ്

മുന്നോട്ടല്ല; പിന്നോട്ടും നടക്കും സഞ്ജീവ്
എം സനോജ്
ഒറ്റപ്പാലം
മുന്നോട്ട് മാത്രമല്ല, പിന്നോട്ടും നടന്ന് ആരോഗ്യം വീണ്ടെടുത്ത ഒറ്റപ്പാലം സ്വദേശിയുടെ കഥ ഒക്ടോബർ നാലിന്റെ ലോക നടത്ത ദിനത്തിൽ ശ്രദ്ധേയമാകുന്നു. ഒറ്റപ്പാലം കോ-–ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരനായ അമ്പലപ്പാറ കടമ്പൂർ മുല്ലക്കര വീട്ടിൽ എസ് സഞ്ജീവാണ് മുന്നോട്ടും പിന്നോട്ടും നടക്കുന്നത്. 20 വർഷമായി രക്തസമ്മർദ്ദത്തിന് രാവിലെ മരുന്ന് കഴിച്ചിട്ടും നിയന്ത്രണത്തിലാകാതെ വന്നതോടെ ഡോസ് കൂട്ടാൻ ഡോക്ടർ നിർദേശിച്ചു. ഒറ്റപ്പാലത്തെ ഡോ. സലീമിന്റെ "ദിവസവും അൽപ്പം നടന്നാൽ മരുന്ന് കുറയ്ക്കാം" എന്ന ഉപദേശമാണ് വഴിത്തിരിവായത്. മൂന്നുമാസംകൊണ്ട് ചിട്ടയായ നടത്തത്തിലൂടെ ഭക്ഷണ ക്രമീകരണത്തിലൂടെയും 20 കിലോ കുറച്ചു. ഏപ്രിലിൽ നടത്തം ആരംഭിക്കുമ്പോൾ 92.5 കിലോ ആയിരുന്നു ഭാരം. പിന്നീട് നടത്തം രാവിലെയും വൈകിട്ടും ആറ് കിലോമീറ്റർ വീതമായി. സ്ഥിരമായി നടന്നാൽ മുട്ടുവേദന വരുമെന്ന സഹപ്രവർത്തകന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കായികതാരങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തുന്ന റിവേഴ്സ് വാക്കിങ്ങിനെക്കുറിച്ച് അറിയാനിടയായത്. ഇതോടെ റിവേഴ്‌സ് വാക്കിങ് പരിശീലിച്ചു. തൂക്കം കുറഞ്ഞതോടെ നടത്തം ചുരുക്കി. മരുന്നിന്റെ ഡോസ് കുറയ്ക്കാനും കഴിഞ്ഞു. ഇപ്പോൾ ദിവസവും മൂന്ന് കിലോമീറ്റർ മുന്നോട്ടും മൂന്ന് കിലോമീറ്റർ പിന്നോട്ടുമായി ആകെ ആറ് കിലോമീറ്റർ നടക്കുന്നു. മിലിട്ടറിയിൽനിന്ന് വിരമിച്ച എൺപത്താറുകാരനായ അച്ഛൻ പി യു ഗോവിന്ദന്റെ ശീലം പിന്തുടർന്ന് ഭക്ഷണത്തിനുശേഷം 10 മിനിറ്റ് നടത്തവും ആരംഭിച്ചു.ഒറ്റപ്പാലം അർബൻ ബാങ്ക് മാനേജറാണ് സഞ്ജീവ്. ഭാര്യ: സ്മിത ( ഒറ്റപ്പാലം എൻഎസ്എസ് കെപിടി ഹൈസ്കൂൾ അധ്യാപിക). മകൻ സിദ്ധാർഥ്.







0 comments