'വരുംകാല പോരാട്ടങ്ങൾക്ക് കരുത്താകും'; ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം എ ബേബി

ന്യൂഡൽഹി : ഡൽഹി, ദരിയാഗഞ്ചിൽ ഡിവൈഎഫ്ഐയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഓഫീസ് ഷഹീദ് ഭഗത് സിങ് ഭവൻ ഉദ്ഘാടനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആസ്ഥാന മന്ദിരം യാഥാർഥ്യമായ അഭിമാനനിമിഷം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഡിവൈഎഫ്ഐക്ക് അഭിമാനകരമായ ദിവസമാണിന്നെന്ന് എ എ റഹീം കുറിച്ചു. 'ഡൽഹിയിൽ നമുക്കിന്ന് നമ്മുടെ സ്വന്തം ആസ്ഥാന മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നു. രാജ്‌ഘട്ടിന് അരികിൽ ദരിയാഗഞ്ചിൽ, അൻസാരി റോഡിലാണ് കേന്ദ്ര കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള വലിയൊരു സമരവേലിയേറ്റത്തിന് രാജ്യതലസ്ഥാനത്ത് ഡിവൈഎഫ്ഐ നേതൃത്വം നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണ്. ഇന്ത്യ ഇന്ത്യയായി തന്നെ നിലനിർത്താനും, രാജ്യത്തിന്റെ സ്വത്വവും ആത്മാവും സംരക്ഷിക്കാനുമുള്ള യുവതയുടെ വരുംകാല പോരാട്ടങ്ങൾക്ക് ഈ ഓഫീസ് കരുത്താകും എന്ന് എനിക്ക് ഉറപ്പുണ്ട്', എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ബ്രിന്ദാ കാരാട്ട്, ഹന്നാൻ മൊള്ള, ഡിവൈഎഫ്ഐ, എസ്‌എഫ്‌ഐ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.








0 comments