Deshabhimani

ഇടനെഞ്ചിൻ മിടിപ്പായി
അഴീക്കോടൻ മന്ദിരം

സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം

സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം

വെബ് ഡെസ്ക്

Published on Oct 04, 2026, 12:00 AM | 2 min read

കണ്ണൂർ

അഴീക്കോടൻ മന്ദിരം കണ്ണൂരിന്റെ രാഷ്ട്രീയ പാഠശാലയാണ്‌. കേരളത്തിന്റെ രാഷ്ട്രീയത്തെ നയിച്ച സമുന്നതരായ നേതാക്കളുടെ ഇടം. അധികാര വർഗവും രാഷ്ട്രീയ എതിരാളികളും വേട്ടയാടിയപ്പോഴേല്ലാം പാർടിയുടെ അഭയകേന്ദ്രവുമായിരുന്നു ഇ‍ൗ മന്ദിരം. പാർടി പ്രവർത്തകരുടെ ഹൃദയവികാരം. സമരതീക്ഷ്ണമായിരുന്ന കാലത്തിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കാനുള്ളവർക്കെല്ലാം അഴീക്കോടൻ മന്ദിരമെന്ന ‘ഡിസി’യെക്കുറിച്ചും ഓർത്തെടുക്കാനുണ്ടാകും. എത്രയോ സമരപോരാട്ടങ്ങൾക്ക്‌ തുടക്കമിട്ടത്‌ ഇവിടെനിന്ന്‌. കേരള രാഷ്ട്രീയത്തിലെ നിർണായകമായ പല തീരുമാനങ്ങളും പിറന്നതിന്റെ കഥകളും അഴീക്കോടൻ മന്ദിരത്തിനുണ്ട്‌. അഴീക്കോടൻ രാഘവന്റെ പേരിലുള്ള ആദ്യസ്‌മാരകവും ഇതാണ്‌. 1972 സെപ്തംബര്‍ 23-ന്‌ തൃശൂരില്‍ രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്‌ സ്വന്തമായി വീടുപോലുമുണ്ടായിരുന്നില്ല. മരണശേഷം ആ കുടുംബത്തിന്‌ വീട്‌ വച്ചുനൽകാനുള്ള സിപിഐ എമ്മിന്റെ തീരുമാനത്തിന്റെ തുടർച്ചയായാണ്‌ പാർടിക്ക്‌ കണ്ണൂരിൽ ആസ്ഥാനമന്ദിരവും ഒരുങ്ങിയത്‌. വീട് പണിതുനൽകിയശേഷമാണ്‌ അഴീക്കോടൻ സ്മാരകമന്ദിരം ഉയർന്നത്‌. 1973 ഡിസംബർ അഞ്ചിന്‌ ഇ എം എസിന്റെ അധ്യക്ഷതയിൽ എ കെ ജിയാണ്‌ മന്ദിരം ഉദ്‌ഘാടനംചെയ്‌തത്‌. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള ഭീകരമായ വേട്ടയാടലുകളുടെ നാളുകളിൽ പൊലീസും എതിരാളികളും പലതവണ തുനിഞ്ഞിറങ്ങിയപ്പോഴും നേതാക്കളും പ്രവർത്തകരും കാവൽനിന്ന്‌ സംരക്ഷിച്ച ചരിത്രമുണ്ട്‌. ലോകം ആദരിക്കുന്ന ജനനേതാക്കളുടെ അന്ത്യയാത്രയ്‌ക്കും സാക്ഷിയായി. എ കെ ജി, പാട്യം ഗോപാലൻ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, സി കണ്ണൻ തുടങ്ങിയവരുടെയെല്ലാം വിലാപയാത്രയ്‌ക്ക്‌ തുടക്കം ഇവിടെനിന്നാണ്‌. ഇതെല്ലാം കൊണ്ടുതന്നെ കേവലമായ പാർടി ആസ്ഥാനമന്ദിരത്തിനപ്പുറമുള്ള ഹൃദയവായ്‌പ്‌ അഴീക്കോടൻ മന്ദിരത്തോട്‌ കണ്ണൂരിനുണ്ട്‌. കോഴിക്കോട്‌ രൂപതയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലവും കെട്ടിടവും വിലയ്‌ക്കുവാങ്ങിയാണ്‌ ഓഫീസ്‌ പ്രവർത്തനമാരംഭിച്ചത്‌. ​ വർഗ–- ബഹുജന സംഘടനകളിൽ മിക്കതിന്റെയും ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ദീർഘകാലം പ്രവർത്തിച്ചതും പഴയ അഴീക്കോടൻ മന്ദിരത്തിലായിരുന്നു. എം വി രാഘവൻ പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായ കാലത്ത്‌ ആരംഭിച്ച ഇ‍ൗ ഓഫീസിൽ പാട്യം ഗോപാലന്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി ഗോവിന്ദന്‍, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, പി ശശി,  പി ജയരാജന്‍, എം വി ജയരാജൻ എന്നിവർ ജില്ലാസെക്രട്ടറിമാരായി. ​എ വി കുഞ്ഞമ്പു, കെ പി ആർ ഗോപാലൻ എന്നിവർ ഇതിനു മുന്പ്‌ ജില്ലാസെക്രട്ടറിമാരായിരുന്നവരാണ്‌. കെ കെ രാഗേഷാണ്‌ നിലവിൽ ജില്ലാസെക്രട്ടറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home