പാറിപ്പറന്ന് താരകങ്ങൾ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം നടക്കാവ് ഗവ. വൊക്കേഷണൽ എച്ച്എസ്എസ് ഫോർ ഗേൾസിൽ എഴുത്തുകാരി ജിസ ജോസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് അറിവിന്റെ വഴിയിൽ പുതുമധുരം നുകര്‍ന്ന് കുരുന്നുകൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ 14–ാം സീസൺ മിന്നുംപ്രകടനങ്ങളുടെ വേദിയായി. ജില്ലാ മത്സരത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും അറിവുമെല്ലാം പങ്കുവച്ചത് നൂറുകണക്കിന് വിദ്യാര്‍ഥികൾ. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നപ്പോൾ അക്ഷരമുറ്റത്ത് അറിവുത്സവമായി. 17 ഉപജില്ലകളിൽനിന്നായി 153 വിദ്യാര്‍ഥികൾ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ചു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് ക്വിസിലും എച്ച്എസ്എസ് പ്രസംഗമത്സരത്തിലുമായി ഒമ്പത് മിടുക്കര്‍ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. പാഠഭാഗങ്ങൾ തിരുത്താനടക്കമുള്ള നീക്കങ്ങൾ നടക്കുന്ന കാലത്ത് ചരിത്രബോധം മുറുകെപ്പിടിക്കുന്ന വേദി കൂടിയായി ടാലന്റ് ഫെസ്റ്റ് മാറി. നടക്കാവ് ഗവ. എച്ച്എസ്എസിൽ നടന്ന ജില്ലാ മത്സരം എഴുത്തുകാരി ജിസ ജോസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ അധ്യക്ഷനായി. നടക്കാവ് സ്കൂൾ പ്രിൻസിപ്പൽ സി ഗിരീഷ്, പ്രധാനാധ്യാപകൻ കെ വി പ്രേമചന്ദ്രൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ആര്‍ എം രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, പിടിഎ പ്രസിഡന്റ് എൻ മുനീര്‍, എംപിടിഎ പ്രസിഡന്റ് ശിൽപ പാണൂര്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ പി സുരേശൻ എന്നിവര്‍ സംസാരിച്ചു. ബ്യൂറോ ചീഫ് പി വി ജീജോ സ്വാഗതവും അക്ഷരമുറ്റം കോ–ഓര്‍ഡിനേറ്റര്‍ എ റിദീഷ് നന്ദിയും പറഞ്ഞു. സിഡബ്ല്യുആര്‍ഡിഎം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവൽ സമ്മാനം വിതരണം ചെയ്തു. സമ്മാനവിതരണച്ചടങ്ങിൽ ഡോ. സാബു ജോസ്, കെ ഷഫീഖലി, ഷിബു മുഹമ്മദ്, ആര്‍ രഞ്ജിത്ത്, സി ഗിരീഷ്, ഡോ. പ്രസാദ് അലക്സ് എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസൻ ചെറുകുളത്തൂര്‍ സ്വാഗതവും എം രാജേഷ്ബാബു നന്ദിയും പറഞ്ഞു.









0 comments