കാവിലുംപാറ ടൂറിസം സൊസൈറ്റി നിലവിൽവന്നു

കാവിലുംപാറ ടൂറിസം പ്രൊമോട്ടിങ് കോ -ഓപറേറ്റീവ് സൊസൈറ്റിയുടെ അംഗീകാരപത്രം വടകര സഹകരണ ഇൻസ്പെക്ടർ എം എം മനോജൻ സൊസൈറ്റി പ്രസിഡന്റ് എ ആർ വിജയന് കൈമാറുന്നു
തൊട്ടിൽപ്പാലം കാവിലുംപാറ ടൂറിസം പ്രൊമോട്ടിങ് കോ -ഓപറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കോഴിക്കോട്, -വയനാട് ജില്ലകളുടെ അതിർത്തിയായ കാവിലുംപാറ പഞ്ചായത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ടൂറിസം സർക്യൂട്ട് സ്ഥാപിക്കാൻ സഹകരണ മേഖലയിൽ നടത്തിയ ശ്രമം ഇതോടെ യാഥാർഥ്യമായി. കോ ഓപറേറ്റീവ് മേഖലയിൽ ടൂറിസം സൊസൈറ്റി യാഥാർഥ്യമാക്കാനുള്ള പഞ്ചായത്തിന്റെയും സഹകാരികളുടെയും രണ്ടു വർഷത്തെ പരിശ്രമത്തിലാണ് രജിസ്ട്രേഷൻ ലഭിച്ചത്. പക്രന്തളം ചുരം, ഉറിതൂക്കി മല, കൊരണപ്പാറ, ചാപ്പൻതോട്ടം വെള്ളച്ചാട്ടം, കുരുടൻ കടവ്, ഞാവള്ളി മലനിരകൾ എന്നിവ കാണാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്. സമുദ്രനിരപ്പിൽനിന്നും 1200 അടി ഉയരമുള്ള നാദാപുരം മുടിയിലേക്ക് സാഹസിക യാത്രകളും മറ്റും സംഘടിപ്പിക്കാൻ വനംവകുപ്പുമായി ആലോചന നടത്തും. മലയോരത്തെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിച്ച് വിവിധ കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന ടൂറിസം സർക്യൂട്ട് കാവിലുംപാറയിൽ യാഥാർഥ്യമാക്കുമെന്ന് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ ആർ വിജയൻ അറിയിച്ചു. കേരളത്തിലെ മിനി ഊട്ടിയായി കാവിലുംപാറയെ മാറ്റാനുള്ള ശ്രമത്തിലാണ് സൊസൈറ്റി. ഇതിന്റെ ഭാഗമായി ഫാം ടൂറിസത്തെ ശക്തിപ്പെടുത്തുകയും പുതിയ കൃഷിരീതികൾ ഉപയോഗിച്ച് മലയോരത്തെ പഴയ കാർഷിക സമൃദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരാനും നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും കഴിയുമെന്നും ഭാരവാഹികൾ അറിയിച്ചു. കാവിലുംപാറ ടൂറിസം പ്രൊമോട്ടിങ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അംഗീകാരപത്രം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വടകര കോ ഓപറേറ്റീവ് ഇൻസ്പെക്ടർ എം എം മനോജൻ സൊസൈറ്റി പ്രസിഡന്റ് എ ആർ വിജയന് കൈമാറി. ജനറൽബോഡി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, എ ആർ വിജയൻ, എ കെ ആഗസ്തി, ബോബി മൂക്കൻതോട്ടം തുടങ്ങിയവർ സംസാരിച്ചു.









0 comments