ദല്ലാൾമാരെ പുറത്തുകൊണ്ടുവരും
ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പൊതുമേഖലയിൽ നിലനിർത്തും : മന്ത്രി റിയാസ്

ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിനു മുമ്പിൽ തൊഴിലാളി പ്രതിനിധികളുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു
ഫറോക്ക്
ചെറുവണ്ണൂര്‍ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ ഏജൻസികൾ തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും കമ്പനിയും കോടികളുടെ ആസ്തികളും അടിച്ചെടുക്കാനുള്ള ചില ലോബികളുടെ ശ്രമങ്ങളെ തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയിൽ ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കമ്പനി കവാടത്തിൽ തൊഴിലാളികളോടും യൂണിയൻ നേതാക്കളോടും സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്താൻ നിയമപരമായും സർക്കാർ തലത്തിലും നിലപാട് സ്വീകരിച്ചിട്ടുണ്ട്. തുല്യപങ്കാളിയായ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടാതെ സ്വകാര്യ ഏജൻസിക്ക് കമ്പനി കൈമാറി ഉത്തരവിട്ട നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ വിധിക്കെതിരെ തുടക്കത്തിൽ തന്നെ അപ്പീല്‍ നൽകി. നിയമപോരാട്ടം തുടരുകയാണ്. ഇതോടൊപ്പം സർക്കാർ മറ്റു ബദൽ സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥ മേധാവികളുമുൾപ്പെട്ട യോഗം ചേർന്നിരുന്നു. നഷ്ടത്തിലായ കമ്പനികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ലാഭത്തിലാക്കിയിട്ടുണ്ട്. പുനലൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മാതൃകയിൽ സ്റ്റീൽ കോംപ്ലക്സും നവീകരിക്കാനാകും.
മലബാറിന്റെ പ്രതീക്ഷയായ ഈ കമ്പനി പൊതുമേഖലയിൽ നിലനിർത്തുക എന്ന സർക്കാർ നയത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ല. കച്ചവടത്തിനായി ഏജൻസിപ്പണിയുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ദല്ലാളുമാരുടെ പേരുകൾ തൊഴിലാളികൾ പരസ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര–-സംസ്ഥാന സംയുക്ത സംരംഭമായ കമ്പനിയുടെ കാനറ ബാങ്ക് വായ്പ സംബന്ധിച്ച കടബാധ്യത മറയാക്കി നാഷണൽ കമ്പനി ലോ ട്രിബൂണൽ ഛത്തീസ്ഗഢിലെ ഒരു കടലാസ് കമ്പനിക്ക് കേവലം 35 കോടി രൂപയ്ക്ക് 500 കോടിയിലേറെ രൂപയുടെ മൂല്യമുള്ള കമ്പനി കൈമാറാൻ 2024 ൽ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സർക്കാരും തൊഴിലാളികളും നിയമ പോരാട്ടം തുടരുകയാണ്. തൊഴിലാളി സംഘടന നേതാക്കളായ ടി രാധാഗോപി, എം ഗോപാലകൃഷ്ണൻ, എം സമീഷ്, ബാദുഷ കടലുണ്ടി, പി ജയപ്രകാശൻ, പി ഗണേശൻ, എൻ കെ ശ്രീരെഞ്ചു, എം രാജു, എം പി സമീഷ് എന്നിവരുൾപ്പെടെ തൊഴിലാളികളുമായി മന്ത്രി നടപടികൾ വിശദീകരിച്ചു.









0 comments