ബഷീർ സ്മാരകം "ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

ബഷീർ സ്മാരകം ‘ആകാശ മിഠായി’ മന്ത്രി പി എ മുഹമ്മദ് റിയാസ്, പ്രകാശ് രാജ്, മേയർ ഒ സദാശിവൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനംചെയ്യുന്നു
ഫറോക്ക് മലയാളം ലോകത്തിന് നൽകിയ മഹാപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്മാരകം "ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്, നടൻ പ്രകാശ് രാജ്, മേയർ ഒ സദാശിവൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. സ്മാരക മന്ദിരത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ബേപ്പൂർ ബിസി റോഡിൽ കോർപറേഷൻ നൽകിയ സ്ഥലത്ത് 10.07 കോടി രൂപ ചെലവിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ നിർമിച്ച സ്മാരകത്തിന്റെ ഒന്നാംഘട്ടമാണ് പൂർത്തിയായത്. ചടങ്ങിൽ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായി. രവി ഡി സി, ഷാഹിന ബഷീർ, അനീസ് ബഷീർ, വി കെ സി മമ്മത് കോയ, ഫറോക്ക്, രാമനാട്ടുകര നഗരസഭാധ്യക്ഷരായ സി ചന്ദ്രിക, കല്ലട എം കെ മുഹമ്മദലി, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സി സന്ദേശ്, കോർപറേഷൻ കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേശൻ, കെ പി തസ്ലീന, പി പി ബീരാൻ കോയ, ഇ അനിതകുമാരി, ആർക്കിടെക്ട് വിനോദ് സിറിയക്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, ടി രാധാഗോപി, രാജീവൻ തിരുവച്ചിറ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ രാജീവ് സ്വാഗതവും ടൂറിസം ഉത്തരമേഖലാ ജോ. ഡയറക്ടർ ഡി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. ബഷീർ കഥാപാത്രങ്ങളുടെ അകമ്പടിയിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. മാന്ത്രികൻ പ്രദീപ് ഹുഡിനോ അവതരിപ്പിച്ച ആകാശ മിഠായി ജാലവിദ്യയും സംഗീത പരിപാടിയും ഭൂവനേശ്വരി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും അരങ്ങേറി.










0 comments