ജപ്‌തി ചെയ്യാനാകില്ല ഇൗ മനുഷ്യത്വത്തെ

മേഴ്സി ചെറിയാൻ ആധാരം കുടുംബത്തിന് നൽകുന്നു
ബാലുശേരി
ബാങ്ക് ജപ്‌തിയിലൂടെ വീടും സ്ഥലവും നഷ്ടമാവുമായിരുന്ന ഒരു കുടുംബത്തിന് അതേ ബാങ്കിലെ ജീവനക്കാരി വായ്‌പ തിരിച്ചടച്ച് കുടുംബത്തിന്റെ കണ്ണീരൊപ്പുന്പോൾ കാരുണ്യവും മനുഷ്യത്വവും മരവിച്ചിട്ടില്ല. കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് റിക്കവറി ഓഫീസറായ മേഴ്സി ചെറിയാൻ ശനിയാഴ്ച വിരമിക്കുന്പോൾ നിർധനരായ ഒരു കുടുംബത്തിന്റെ കടബാധ്യതയായ 41000 രൂപ തിരിച്ചടച്ച് അവരുടെ ആധാരം തിരിച്ചേൽപ്പിച്ചാണ് പടിയിറങ്ങുന്നത്. കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ റിക്കവറി ഓഫീസറായിരുന്നു മേഴ്സി ചെറിയാൻ. ബാലുശേരി പഞ്ചായത്തിലെ പുത്തൂർവട്ടത്തെ കവുങ്ങിൻ തോട്ടത്തിൽ ജാനുവായിരുന്നു വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ ദുരിതത്തിലായത്. കുറച്ചുവർഷങ്ങൾക്കുമുമ്പാണ് അമ്മയും മകളും മാത്രമുള്ള കുടുംബം 75,000 രൂപ വായ്പയെടുക്കുന്നത്. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ബാങ്ക് കേസ് ഫയൽ ചെയ്ത് ജപ്തിനടപടിക്രമങ്ങളിലേക്ക് നീങ്ങി. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് സ്പെഷ്യൽ സെയിൽ ഓഫീസറുടെ കൂടെ സ്ഥലം സന്ദർശിക്കാൻ റിക്കവറി ഓഫീസറായ മേഴ്‌സി ചെറിയാനും പോയിരുന്നു. കുടുംബത്തിന്റെ ദൈന്യത മനസ്സിലാക്കിയ റിക്കവറി ഓഫീസർ കൂടിയായ മേഴ്സി വായ്പാ ബാധ്യത ഏറ്റെടുക്കുകയായിരുന്നു. 2022ൽ വായ്പ പുതുക്കിനൽകുകയും തുടർന്ന് നാലുവർഷമായി മാസം 1500 രൂപ വച്ച് മേഴ്സി തിരിച്ചടയ്ക്കുകയും ചെയ്തു. വിരമിച്ചാൽ അവരുടെ മാസതവണ അടയ്ക്കാൻ ബുദ്ധിമുട്ടാവുമെന്ന് മനസ്സിലാക്കി ബാക്കി വന്ന 41000 രൂപ വിരമിക്കുന്നതിന്റെ തലേ ദിവസം അടച്ചുതീർത്തു. തന്റെ 29 വർഷത്തെ സർവീസിനിടയ്ക്ക് കെസിഇയു നേതൃത്വത്തിൽ പ്രതിമാസം 500രൂപ ചേർത്തടയ്ക്കുന്ന യൂണിയൻ ഫണ്ടിലേക്ക് അടച്ച തുകയും പലിശയും പിൻവലിച്ചാണ് വായ്പ തീർക്കാനാവശ്യമായ തുക മേഴ്‌സി കണ്ടെത്തിയത്. വിരമിക്കലിന് ശേഷം കരുതലായി വയ്ക്കേണ്ടതുകയാണ് നിരാലംബ കുടുംബത്തിനായി അവർ മാറ്റിവച്ചത്. മാറോട് ചേർത്തുപിടിച്ചാണ് ആ അമ്മയും മകളും കണ്ണീരോടെ ബാങ്കിൽനിന്ന് മേഴ്‌സിയെ യാത്രയാക്കിയത്.










0 comments