പ്രതിക്കായി അന്വേഷണം ഊർജിതം

ബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം തട്ടി; യുവാവ് മുങ്ങി

ഷിബിൻ ലാൽ

ഷിബിൻ ലാൽ

വെബ് ഡെസ്ക്

Published on Jun 12, 2025, 01:29 AM | 1 min read


കോഴിക്കോട്

സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് നടുറോഡില്‍വച്ച്‌ 40 ലക്ഷം രൂപ കവർന്ന് യുവാവ് മുങ്ങി. പന്തീരാങ്കാവിൽ അക്ഷയ ഫൈനാൻസിയേഴ്സിനുമുന്നിൽ ബുധന്‍ പകൽ ഒന്നോടെയാണ് സംഭവം. രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരന്‍ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. കൈമ്പാലം പള്ളിപ്പുറം മനിയിൽ തൊടിയിൽ ഷിബിൻ ലാൽ (മനു–- 35)ആണ് പണം തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച്‌ എത്തിയാണ് പ്രതി പണം തട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷിബിൻലാൽ ഉപയോഗിച്ചത്‌ സുഹൃത്ത് മൂന്ന് മാസംമുമ്പ് പണയത്തിന് നൽകിയ സ്‌കൂട്ടറാണ്‌.

കവര്‍ച്ചയ്ക്കുപിന്നില്‍ വന്‍ ആസൂത്രണമുള്ളതായി പൊലീസ് പറഞ്ഞു. പന്തീരാങ്കാവ് അക്ഷയ ഫൈനാൻസിയേഴ്സില്‍ പണയംവച്ച സ്വര്‍ണം ടേക്ക് ഓവർ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഷിബിൻ ലാൽ രണ്ട് ദിവസംമുമ്പ് രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തി. 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണെന്നും ഇത് ഇസാഫിൽ പണയംവയ്ക്കാനാണ് താല്‍പ്പര്യമെന്നും അറിയിച്ചു. ചൊവ്വാഴ്ച ഇസാഫ് ബാങ്ക് അധികൃതര്‍ ഷിബിൻ ലാലിന്റെ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ബുധൻ പകല്‍ ഒന്നോടെ സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലെ ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പം അക്ഷയ ഫൈനാൻസിയേഴ്സിനുമുമ്പിലെത്തി. ഈ സമയമാണ്‌ പണമടങ്ങിയ ബാഗ്‌ തട്ടിപ്പറി‍ച്ചത്‌.

സ്വര്‍ണം ടേക്ക് ഓവര്‍ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. ഷിബിൻ ലാൽ അക്ഷയ ഫൈനാൻസിയേഴ്സില്‍ സ്വർണം പണയംവച്ചിട്ടില്ലെന്നും സ്വർണം പണയംവച്ച വ്യാജ പണയകാർഡ് നിർമിച്ചതാണെന്നും വ്യക്തമായി. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന്‌ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home