പ്രകൃതിക്ക് കുടപിടിക്കാൻ
നട്ടത് 3,70,829 തൈകൾ

പ്രകൃതിക്ക് കുടപിടിക്കാൻ
കോഴിക്കോട് പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് സെപ്‌തംബർ 30വരെ ഒരുകോടി വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായുള്ള ‘ഒരു തൈ നടാം' ജനകീയ ക്യാമ്പയിനിൽ ഇതിനകം നട്ടത് 3,70,829 തൈകൾ. ഇതിൽ 3,41,269 തൈകളും ജനകീയമായാണ് ശേഖരിച്ചത്. 34 ഏക്കറിൽ തൈകൾ നട്ടു. 2,61,384 തൈകൾ സ്വകാര്യഭൂമിയിലാണ് നട്ടത്. ജില്ലയിൽ അഞ്ചുലക്ഷം തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ഒരുക്കത്തിലാണ് ഹരിതകേരളം മിഷൻ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ. വനംവകുപ്പിൽനിന്ന് ലഭ്യമായ വലിയ വൃക്ഷത്തൈകൾക്കുപുറമെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നഴ്സറികളിൽനിന്ന് പ്രാദേശികമായും തൈകൾ ശേഖരിച്ചാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ഹരിതവീഥികളും ടൗണുകളുമായി പ്രഖ്യാപിച്ച ഇടങ്ങളിലും വൃക്ഷവൽക്കരണം നടത്തും. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ 2019മുതൽ നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ വ്യാപിപ്പിക്കുന്നതിനോടൊപ്പമാണ് ഒരുതൈ നടാം എന്ന പദ്ധതിയും ഒരുക്കുന്നത്. ജില്ലയിൽ 216 പച്ചത്തുരുത്തുകളാണ് ഇതുവരെ സൃഷ്ടിച്ചത്. എഴുപത്തിനാല് ഏക്കറിൽ പച്ചപ്പുവിരിച്ചു. ഫറോക്ക് നഗരസഭയിൽ സെപ്‌തംബറിൽ പച്ചത്തുരുത്ത് തീർക്കുന്നതോടെ ജില്ല സമ്പൂർണ പച്ചത്തുരുത്ത് ജില്ലയാവും. ലോക സൗഹൃദദിനാചരണത്തിന്റെ ഭാഗമായുള്ള ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിയിലൂടെ അരലക്ഷത്തോളം തൈകൾ നട്ടു. ഒരുലക്ഷത്തിലേറെ തൈകൾ നട്ടുപിടിപ്പിക്കും.









0 comments