വരുന്നു, കടലുണ്ടിയിൽ ഹെറിറ്റേജ് ടൂറിസം പാത

കടലുണ്ടിയിൽ ഹെറിറ്റേജ് ടൂറിസം പാതയാക്കാനുദ്ദേശിക്കുന്ന വാക്കടവ് - കടലുണ്ടി റെയിൽവേ ലെവൽക്രോസ് റോഡ്
മനാഫ് താഴത്ത്
Published on Jan 01, 2026, 02:36 AM | 1 min read
ഫറോക്ക്
കടലുണ്ടി പഞ്ചായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ കരുത്താർജിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌ത് പുതിയ ഭരണ സമിതി. ഇതിന്റെ തുടക്കമെന്ന നിലയിൽ കടലുണ്ടിയുടെ ഹൃദയഭാഗമായ റെയിൽവേ ഗേറ്റ് മുതൽ വാക്കടവ് തീരദേശ പാതവരെ ഹെറിറ്റേജ് റോഡ് ഒരുക്കും. പുതിയ ഭരണസമിതിയുടെ പുതുവർഷ സമ്മാനമാകുമീ പൈതൃകപാത. തുടർച്ചയായി എൽഡിഎഫ് ഭരിക്കുന്ന കടലുണ്ടിയുടെ വികസന തുടർച്ചയ്ക്കായി ടൂറിസം മേഖലയുടെ പ്രാധാന്യം കണ്ടറിഞ്ഞാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. നാടിന്റെ ചരിത്രവും സംസ്കാരവും വെളിവാക്കുംവിധത്തിൽ ജനകീയ സഹകരണത്തോടെയാകും നടപ്പാക്കുക.
ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നതും പേടിയാട്ടമ്മയുടെയും ജാതവന്റെയും സ്നേഹബന്ധത്തിന്റെ കഥ പറയുന്നതുമായ കടലുണ്ടി വാവുത്സത്തെ ബന്ധപ്പെടുത്തിയാണ് പൈതൃക ടൂറിസം പാത സജ്ജമാക്കുക. പേടിയാട്ടമ്മ വാക്കടവിൽ നീരാട്ടു കഴിഞ്ഞ് മകൻ ജാതവനൊപ്പം എഴുന്നള്ളുന്ന പ്രധാന സഞ്ചാര മാർഗമായ ഒരു കിലോമീറ്ററിലേറെ നീളുന്ന പാതയാണ് വാക്കടവ് മുതൽ ലെവൽക്രോസ് വരെയുള്ളത്. വാവുത്സവത്തിന്റെയും നാടിന്റെയും ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയാണ് ഇൗ പാത വികസിപ്പിക്കുക.
ഇതിനായി റോഡ് പൂർണമായും ഇന്റർലോക്ക് ചെയ്യും. ശാസ്ത്രീയമായി ഡ്രെയ്നേജ് സംവിധാനം ഒരുക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസവും സ്ട്രീറ്റ് ടൂറിസം പദ്ധതിയും 10 കോടി ചെലവിട്ട് ഒരുക്കിയ "ഓഷ്യനസ് ചാലിയം’ ടൂറിസം ബീച്ച് പദ്ധതിയും കമ്യൂണിറ്റി റിസർവിലെ പ്രകൃതി സഞ്ചാര പാതയും ഉൾപ്പെടെയുള്ള വികസന പദ്ധതികളാണ് കടലുണ്ടിയെ സമ്പൂർണ ടൂറിസം വില്ലേജാക്കിയത്. വൈകാതെ ഇവിടെ ഫ്ലോട്ടിങ് റെസ്‌റ്റോറന്റും ഒരുങ്ങും. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള 2024 ലെ സുവർണ പുരസ്കാരവും കടലുണ്ടി പഞ്ചായത്തിന് ലഭിച്ചിരുന്നു.










0 comments