ചെങ്കടലാക്കി തൊഴിലാളി പ്രകടനം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗം അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
വി വി ശശീന്ദ്രൻ നഗർ (കരുനാഗപ്പള്ളി)
കരുനാഗപ്പള്ളിയെ ചെങ്കടലാക്കിയ പടുകൂറ്റൻ തൊഴിലാളി പ്രകടനം തൊഴിലാളി വർഗത്തിന്റെ അചഞ്ചലമായ പോരാട്ടവീര്യത്തിന്റെ നേർക്കാഴ്ചയായി. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് ചവറ, കുന്നത്തൂർ, ശൂരനാട്, കരുനാഗപ്പള്ളി ഏരിയകൾ കേന്ദ്രീകരിച്ചുനടത്തിയ പ്രകടനം സിഐടിയുവിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായി. പുതിയകാവ് താജ്മഹൽ പള്ളിക്കു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഗതാഗതം തടസ്സപ്പെടുത്താതെ പുതുതായി നിർമിച്ച ദേശീയപാതയുടെ മധ്യഭാഗത്തുകൂടി താലൂക്കാശുപത്രി ജങ്‌ഷൻവഴി സമ്മേളന നഗറിൽ എത്തി സമാപിച്ചു. വിവിധ ഘടക യൂണിയനുകളെ പ്രതിനിധീകരിച്ച് തൊഴിലാളികൾ പ്രത്യേക ബാനറിൻ കീഴിൽ അണിനിരന്നു. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, കൊടികൾ തുടങ്ങിയവ പ്രകടനത്തിന് മിഴിവേകി. ഓട്ടോ, ഹെഡ് ലോഡ്, പരമ്പരാഗത തൊഴിൽ മേഖലകൾ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച് ആവേശത്തോടെ അണിനിരന്നു. വിവിധ സംഘടനകൾ പ്രകടനത്തിന് അഭിവാദ്യമർപ്പിച്ചു. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ എ അനിരുദ്ധൻ സ്വാഗതംപറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ സംസാരിച്ചു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ, പി പി ചിത്തരഞ്ജൻ, വി ശിവൻകുട്ടി, സൂസൻകോടി, എസ് ജയമോഹൻ, നെടുവത്തൂർ സുന്ദരേശൻ, പി സജി, എസ് ഹരിലാൽ, എ എം ഇക്ബാൽ, പി ആർ വസന്തൻ, എം ശിവശങ്കരപ്പിള്ള, ടി മനോഹരൻ, എസ് എൽ സജികുമാർ, കെ സേതുമാധവൻ, എ സഫറുള്ള, കെ ജി ബിന്ദു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.








0 comments