ad
Deshabhimani

വി എസ്‌ സ്‌മരണയിൽ നാട്‌

എന്നും കൊല്ലത്തിന്റെ വെളിച്ചം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jul 21, 2026, 12:44 AM | 2 min read

കൊല്ലം

വി എസ്‌ എന്ന ചെങ്കൊടിച്ചോപ്പുള്ള രണ്ട് രാഷ്ട്രീയാക്ഷരത്തിന്റെ സമരോത്സുകതയ്‌ക്കും വിപ്ലവവീര്യത്തിനും ഏറെ സാക്ഷിയായ ജില്ലയാണ്‌ കൊല്ലം. പാർടി നേതാവ്‌, പ്രതിപക്ഷ നേതാവ്‌, മുഖ്യമന്ത്രി എന്നിങ്ങനെ വി എസിന്റെ ഇടപെടൽ വിവിധ ഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞ മണ്ണ്‌. അദ്ദേഹം നടത്തിയ സമരമുഖങ്ങളും സാമൂഹ്യരാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ടതാണ്‌. അതിൽ ശുഭ്രനക്ഷത്രംപോൽ തെളിഞ്ഞുനിൽക്കുന്ന നിരവധി ഏടുകളുണ്ട്‌. കരാറുകാരുടെ ചൂഷണത്തിനെതിരെ പത്തനാപുരത്തെ സംസ്ഥാന ഫാമിങ്‌ കോർപറേഷൻ ഭൂമിയിൽ 1974 നവംബറിൽ നടന്ന കരിമ്പുസമരം ഉദ്‌ഘാടനംചെയ്തത്‌ വി എസായിരുന്നു. 54 കുടുംബങ്ങളെ തെന്മല ഡാമിന്‌ സമീപത്തുനിന്ന് കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 1982ൽ നടന്ന സമരത്തിന്‌ കരുത്തായി വി എസ്‌ നിന്നു. ശൂരനാട്‌ രക്തസാക്ഷി സ്‌മാരക അനുസ്‌മരണത്തിലും കടയ്‌ക്കൽ വിപ്ലവ അനുസ്‌മരണത്തിലും കോട്ടാത്തല സുരേന്ദ്രൻ അനുസ്‌മരണത്തിലും നിരവധി തവണ വി എസ്‌ പങ്കെടുത്തു. ശൂരനാട്‌ കോയിക്കൽ ചന്തയിൽ നടന്ന ഭൂമിസമരത്തിന്‌ കരുത്തായി. പ്രതിപക്ഷ നേതാവ്‌ ആയിരിക്കെ വി എസ്‌ ജില്ലയിൽ നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ടു. 2012 ഫെബ്രുവരി 15ന്‌ ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളായ വാലന്റൈൻ ജലസ്റ്റിൻ, അജീഷ്‌ പിങ്കു എന്നിവരെ കടലിൽ വെടിവച്ചുകൊന്നപ്പോൾ വലിയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നു. കൊടുങ്കാറ്റായി ഉയർന്നുവന്ന പല പ്രക്ഷോഭങ്ങൾക്കും കരുത്തുപകരാൻ വി എസിന്‌ കഴിഞ്ഞു. 1986ലെ കശുവണ്ടിത്തൊഴിലാളികളുടെ ഡിഎ സമരം കൊല്ലത്തെ പാർടി നേതൃത്വവും കാഷ്യൂ വർക്കേഴ്‌സ്‌ സെന്ററും പ്രഖ്യാപിച്ചതും സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ വി എസിന്റെ നിർദേശപ്രകാരമാണ്‌. തൃക്കോവിൽവട്ടം കുറുമണ്ണ ഏലാതോട്‌ പൂർത്തീകരണം പ്രഖ്യാപിച്ച്‌ നാടിനു സമർപ്പിച്ചത്‌ പ്രതിപക്ഷ നേതാവായിരിക്കെയാണ്‌. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കൈയൊപ്പ്‌ അടയാളപ്പെടുത്തിയ വികസനം ജില്ലയിൽ ഏറെ. കൊല്ലം തുറമുഖത്തെ വികസിപ്പിക്കുന്നതിൽ അടിത്തറയിട്ടത്‌ വി എസ്‌ സർക്കാരാണ്‌. ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി തുറമുഖം 2010ൽ നാടിന്‌ സമർപ്പിച്ചു. കൊല്ലത്തിന്റെ പേരിൽ ഐടി പാർക്ക്‌ പിറന്നതും വി എസ്‌ മുഖ്യമന്ത്രി ആയിരിക്കെ. ശാസ്‌താംകോട്ട താലൂക്കാശുപത്രി ബഹുനില മന്ദിരം ഉൾപ്പെടെ നിരവധി സർക്കാർ ആശുപത്രി, സ്‌കൂൾ എന്നിവയുടെ അടിസ്ഥാനവികസനം യാഥാർഥ്യമാക്കി. കൊല്ലം എൻ എസ്‌ സഹകരണ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടതും നഴ്‌സിങ്‌ കോളേജ്‌ മന്ദിരം ഉദ്‌ഘാടനംചെയ്‌തതും വി എസാണ്‌. ചെളിയും മണലുംവാരി കുളംകോരിയ പടിഞ്ഞാറെ കല്ലട ഗ്രാമത്തെ വീണ്ടെടുക്കാൻ ശക്തമായ നടപടികളെടുത്തു. ശാസ്‌താംകോട്ട തടാക സംരക്ഷണത്തിനായി ഇടപെട്ടു. പുന്നപ്ര-– -വയലാർ സമരത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ചിതറ ചക്കമലയിൽ ഭൂമി അനുവദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home