വയലാറിന്റൈ ഓർമകൾക്ക് അന്പതാണ്ട്
"രാവണപുത്രി'യുമായി നിള തിയറ്റർ

സുരേഷ് വെട്ട്‌കാട്ട്
Published on Oct 27, 2025, 01:02 AM | 1 min read
കരുനാഗപ്പള്ളി
അക്ഷരങ്ങളില്‍ അഗ്നിനിറച്ച് മലയാളസാഹിത്യത്തിൽ നിത്യ സ്മാരകമായി മാറിയ വയലാർ വിട പറഞ്ഞിട്ട് അന്പതാണ്ട് പിന്നിടുന്പോൾ അദ്ദേഹത്തിന്റെ 'രാവണപുത്രി' എന്ന കവിതയുടെ ദൃശ്യ- കാവ്യശിൽപ്പം അരങ്ങിലേക്ക്. നാടക രചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദിന്റെ നേതൃത്വത്തിൽ ക്ലാപ്പനയിൽ പ്രവർത്തനം തുടങ്ങിയ നിള കൾച്ചറൽ തിയറ്ററിന്റെ ഗാർഡൻ തിയറ്ററാണ് വയലാറിന്റെ ഓർമദിനത്തിൽ രാവണപുത്രി അരങ്ങിലെത്തിക്കുന്നത്. രാമായണത്തിലെ സീതയെ വേറിട്ട രൂപത്തിലാണ് കവിതയിൽ അവതരിപ്പിക്കുന്നത്. വേദവതിയെന്ന കാട്ടുപെണ്ണിൽ രാവണന് ജനിച്ച മകളാണ് സീതയെന്ന് കവിതയിൽ വിവരിക്കുന്നു. വേദവതിയുടെ ശാപത്താലാണ് യുദ്ധത്തിൽ രാമൻ രാവണനെ വധിക്കുന്നതെന്നും കവിതയിൽ പറയുന്നുണ്ട്. യുദ്ധം കഴിഞ്ഞ് ശ്രീരാമന്റെ അസ്ത്രങ്ങളാൽ മുറിവേറ്റ രാവണൻ മരിക്കുന്നതിനു മുന്പ് തന്റെ മകളായ സീതയെ ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുന്ന ഓർമകളെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കവിതയിൽ അവതരിപ്പിക്കുന്നുണ്ട് കവി. ഏറെ വൈകാരികമായ കവിതയുടെ തീവ്രത ഒട്ടും ചോർന്നു പോകാതെയാണ് നാടകം ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കപ്പെടുന്നത്. ക്ലാപ്പനയിലും പരിസരത്തുമുള്ള സാധാരണക്കാരാണ് നാടകത്തിലെ കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. ആധുനിക സാങ്കേതിവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ഉൾപ്പെടുത്തി 'ബാലികാവസന്തം' എന്ന നാടകവും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡിലെ മുൻ എൻജിനീയറായിരുന്ന ചെറുന്നിയൂർ ജയപ്രസാദ് കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് നിള കൾച്ചറൽ തിയറ്ററിന്റെ നേതൃത്വത്തിൽ ഗാർഡൻ തീയേറ്ററെന്ന ആശയം യാഥാർഥ്യമാക്കുന്നത്. മനോഹരമായ പൂന്തോട്ടത്തിന് നടുവിൽ ഉയർന്നു നിൽക്കുന്ന വേദിയും വെളിച്ച സംവിധാനങ്ങളും വിന്യസിച്ചിരിക്കുന്ന തിയേറ്റർ സങ്കല്പം പുതിയ കാലത്തെ വേറിട്ട അനുഭവമാണ്. അഭിനയത്തിനായി ആർക്കും സൗജന്യമായി തീയേറ്റർ സംവിധാനം ഉപയോഗിക്കാൻ കഴിയും. ആർട്ടിസ്റ്റ് സുജാതൻ ചെയർമാനും ചെറുന്നിയൂർ ജയപ്രസാദ് ഡയറക്ടറുമായ തിയേറ്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് നാടക രചയിതാവ് അഡ്വ മണിലാൽ, വി ബിനുലാല്‍, കെ ആർ വത്സൻ എന്നിവരാണ്.










0 comments