വാഹന ഫിറ്റ്നസ് പരിശോധന ഇനി ഡിജിറ്റലാകും

കൊല്ലം
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലയിൽ രണ്ടിടത്ത് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ (എടിഎസ്)പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂയപ്പള്ളിയിലും ശാസ്‌താംകോട്ട ഭരണിക്കാവിലുമാണ് എടിഎസുകൾ പ്രവർത്തനം തുടങ്ങുന്നത്. യൂണിയൻ ഡ്രൈവിങ് സ്‌കൂളിന്റെ നേതൃത്വത്തിലുള്ള യൂണിയൻ അസോസിയേറ്റ്സാണ് രണ്ടും പ്രവർത്തിപ്പിക്കുന്നത്. ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ, വാഹന ഫിറ്റ്നസ് പരിശോധന പൂർണമായും ഡിജിറ്റലാകും. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമാണ് എടിഎസ് പ്രവർത്തനം. ആർടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്‌നസ് പരിശോധനകൾക്കു പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. പരിശോധനയ്ക്കായി വാഹനം സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിപ്പിച്ചാൽ 10 മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാകും. ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്, പുക പരിശോധന, ഷോക് അബ്സോർബറുകളുടെ ശേഷി വിലയിരുത്തുന്ന സസ്പെൻഷൻ ടെസ്റ്റ്, സ്റ്റിയറിങ് അലൈൻമെന്റ് ടെസ്റ്റ്, സ്‌പീഡോമീറ്റർ പരിശോധന, അണ്ടർ ബോഡി ടെസ്റ്റ്, സൈഡ് സ്ലിപ്പ് ടെസ്റ്റ്, ഹെഡ് ലൈറ്റ് ബീം ടെസ്റ്റ്, നോയ്‌സ് ടെസ്റ്റ് എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ അരവിന്ദ്സൺ, രഘുനാഥ്, ദിലീപ്, ഉണ്ണിക്കൃഷ്ണൻ, ശ്യാംകുമാർ എന്നിവരും പങ്കെടുത്തു.









0 comments