ഇവിടുണ്ട് പോഷകക്കലവറ

സ്വന്തംലേഖിക
Published on Apr 14, 2026, 12:41 AM | 1 min read
കൊല്ലം
പ്രവാസിയായി ജീവിക്കുമ്പോൾ നാട്ടിലെത്തി സ്വന്തമായി ഒരു സംരംഭമെന്ന സ്വപ്നം വളർത്തിയിരുന്നു സുജ. ബിടെക് ബിരുദധാരിയാണെങ്കിലും ആ സ്വ പ്നം ഇന്നെത്തി നിൽക്കുന്നത് കൃഷിയിലും. പുത്തൂർ ചെറുപൊയ്ക കളിക്കൽ തുണ്ടിൽ വീട്ടിൽ കെ എസ് സുജയാണ് മണ്ണില്ലാത്ത ഹൈഡ്രോപോണിക്‌സ് കൃഷി രീതിയിൽ വിജയം കൊയ്യുന്നത്. സാലഡുകളിലും സാൻഡ്‌വിച്ചുകളിലും ബർഗറിലുമെല്ലാം ഉപയോഗിക്കുന്ന ശീതകാല ഇലക്കറിയായ ലെറ്റ്യൂസ് ആണ് കൃഷി ചെയ്യുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് തരുന്ന കൃഷിയെപ്പറ്റിയുള്ള ആലോചനയാണ് ലെറ്റ്യൂസിലും ഹൈഡ്രോപോണിക്‌സിലും എത്തിച്ചത്. മണ്ണ് പൂർണമായി ഒഴിവാക്കി പോഷകമൂല്യമുള്ള വെള്ളത്തിൽനിന്നു ചെടികൾക്ക് ആവശ്യമായവ നൽകുന്ന ഹൈഡ്രോപോണിക്സ് പരീക്ഷിച്ചത് വിജയമായി. 6000 ചതുരശ്രയടി വിസ്തീർണമുള്ള പോളിഹൗസ് പൂർണമായി ശിതീകരിച്ചു. ഇവിടെയാണ് 7000ത്തോളം ലെറ്റ്യൂസ് ചെടി കൃഷിചെയ്യുന്നത്. 28 ദിവസത്തിനുള്ളിൽ വിളവെടുക്കാനാവുന്നവയാണ് ഇവ. ബട്ടാവിയ, റൊമയിൻ എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയത്. ഒരു മീറ്റർ വരെ വളരുന്ന വിളവെടുക്കാൻ പാകമായ ഒരു ചെടിക്ക് 150 മുതൽ 250 ഗ്രാം വരെ തൂക്കമുണ്ട്. 160രൂപയാണ് കിലോയ്ക്ക് കിട്ടുക. കീടരോഗ ബാധകൾ വളരെ കുറവായതും ലാഭം കൂട്ടി. കലോറി വളരെ കുറഞ്ഞതും ജലാംശം കൂടുതലുള്ളതുമായ പച്ചക്കറിയായതിനാൽ ലറ്റ്യൂസ് ശരീരഭാരം കുറയ്ക്കാനും നിർജലീകരണം തടയാനുമൊക്കെ വളരെ നല്ലതാണ്. വൈറ്റമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറ കൂടിയാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമത്തിന്റെയും കണ്ണിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പവിത്രേശ്വരം കൃഷിഭവനിൽനിന്ന് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സബ്‌സിഡി ലഭിക്കുന്നതോടെ കൂടുതൽ വിപുലമാക്കുകയാണ് ലക്ഷ്യം. ഒപ്പം റോക്കറ്റ് ലീഫ്, പാലക്ക്, സെലറി തുടങ്ങി വിവിധ ഇലപ്പച്ചക്കറിയും ഉൽപ്പാദിപ്പിക്കും. അബിയു, മംഗോസ്‌റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വിദേശ ഇനം പഴവർഗങ്ങളും ഇവിടെ മൂന്നര ഏക്കറിൽ കൃഷിചെയ്യുന്നുണ്ട്.









0 comments