ആടിനെ കൊന്നു
ചവറയില്‍ തെരുവുനായ ശല്യം രൂക്ഷം

ചവറ തോട്ടിനു വടക്ക് സരസ്വതിവിലാസത്തിൽ ത്യാഗരാജന്റെ ആടിനെ തെരുവുനായകൾ കടിച്ചുകൊന്ന നിലയില്‍
ചവറ
ചവറ തോട്ടിനു വടക്ക് പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷം. വളർത്തുമൃഗങ്ങൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി. കഴിഞ്ഞ ദിവസം തോട്ടിനു വടക്ക് സരസ്വതി വിലാസത്തിൽ ത്യാഗരാജന്റെ ആടിനെ തെരുവുനായകൾ കൊന്നു. മറ്റൊരു ആടിനെയും കടിച്ച് പരിക്കേൽപ്പിച്ചു. രണ്ടുമാസം മുമ്പ് ഇവരുടെ തന്നെ കുട്ടിആടിനെയും കൊന്നിരുന്നു. മതിൽ ചാടി കടന്ന് എത്തിയാണ് നായകൾ അക്രമണം നടത്തിയത്. ആടിന്റെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇവ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചു. വീട്ടുകാര്‍ ഓടി വീട്ടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഇതേ വാർഡിൽ തന്നെ ഒരാഴ്ച മുമ്പ് കൂട്ടിൽ കിടന്ന മുട്ടക്കോഴികളെയും നായകള്‍ കൊണ്ടുപോയി. ഒരു മാസം മുമ്പ് മറ്റൊരു വീട്ടിലും ആടുകളെ തെരുവ് നായകൾ കൊന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂളിൽ സൈക്കിളിൽ പോകുന്ന വിദ്യാർഥികൾക്ക് പിറകെ തെരുവ് നായകൾ ഓടിച്ചെല്ലുന്നതും പതിവാണ്.
തെരുവുനായ ആക്രമണം ഭീഷണി ഉയര്‍ത്തുകയാണെന്നും വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും വാര്‍ഡ് അംഗത്തിനും പരാതി നല്‍കി. എന്നാൽ, ചിലർ റോഡുകളിൽ രാത്രിയിൽ ഭക്ഷണ പദാർഥങ്ങൾ നൽകുന്നതാണ് തെരുവുനായകൾ ഈ ഭാഗത്ത് വർധിക്കാൻ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതർ ഇടപെട്ട് തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments