ദേശീയപാത 66ൽ എട്ടിടത്ത് നടപ്പാലം
ഭൂമി ഏറ്റെടുക്കൽ പ്രാഥമിക വിജ്ഞാപനം വൈകുന്നു

കൊല്ലം
കൊല്ലം ബൈപാസ് (കാവനാട്)മുതൽ കടമ്പാട്ടുകോണംവരെയുള്ള ഭാഗത്ത് ദേശീയപാത 66ൽ ആറുവരിപ്പാതയ്‌ക്കുമുകളിലൂടെ എട്ടിടത്ത് നടപ്പാലം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര റോഡ് ഉപരിതല മന്ത്രാലത്തിന്റെ പ്രാഥമിക വിജ്ഞാപനം (ത്രി എ) വൈകുന്നു. സ്ഥലം വിട്ടുകൊടുന്നത് സംബന്ധിച്ച് ഭൂവുടമകൾ ഉന്നയിച്ചിട്ടുള്ള തർക്കത്തെതുടർന്നാണ് ത്രി എ വിജ്ഞാപനം വൈകുന്നതെന്നാണ് സൂചന. നേരത്തെ 45മീറ്റർ വീതിയിൽ ദേശീയപാത 66 വികസിപ്പിക്കാൻ നഷ്ടപരിഹാരം വാങ്ങി ഭൂമി ഉടമകൾ വിട്ടുകൊടുത്തിരുന്നു. അവശേഷിക്കുന്ന ഭൂമി ഇനി നൽകാൻ കഴിയില്ലെന്നാണ് ഉടമകളുടെ വാദം. ഇനിയുള്ള ഭൂമിയുടെ മുൻഭാഗം എൻഎച്ച്‌എഐക്ക് വിട്ടുകൊടുത്താൽ അവശേഷിക്കുന്ന ഭൂമി ഉപയോഗിക്കാൻ കഴിയാത്തവിധമാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയിലാണ് ദേശീയപാത അതോറിറ്റി. അതിനിടെ എൻഎച്ച്‌എഐയുടെയും നിർമാണക്കന്പനിയുടെയും ഉദ്യോഗസ്ഥസംഘം കഴിഞ്ഞമാസം നടപ്പാലം വരുന്ന എട്ടിടത്തും സ്ഥലപരിശോധന നടത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംഘം കലക്ടർക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. മങ്ങാട് (ബസ്ബേയ്‌ക്ക് സമീപം), കൊല്ലം ബൈപാസ് മുള്ളുവിള (ശ്രീനാരായണ പബ്ലിക് സ്കൂളിന് സമീപം), ഉമയനല്ലൂർ (ബസ്ബേയ്ക്ക് സമീപം), കൊട്ടിയം സിതാര ജങ്‌ഷൻ (കിംസ് ആശുപത്രിക്ക് എതിർവശം), ചാത്തന്നൂർ ജങ്‌ഷൻ (ഭാരത് പെട്രോൾ പമ്പിന് സമീപം), ചാത്തന്നൂർ (എസ്ബിഐക്ക് സമീപം), ചാത്തന്നൂർ ശീമാട്ടി ജങ്‌ഷൻ, കല്ലുവാതുക്കൽ (ബസ്ബേയ്ക്ക് സമീപം)എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾക്ക് അനുമതി. ദേശീയപാത നിർമാണം ഏറ്റെടുത്തിട്ടുള്ള ശിവാലയ കൺസ്ട്രക്‍ഷന്‍ കമ്പനിയാണ് നടപ്പാലവും നിർമിക്കുക. ഇരുവശത്തെ സർവീസ് റോഡും കഴിഞ്ഞുള്ള ഭാഗത്ത് യാത്രക്കാർക്ക് ഇറങ്ങാൻ പാകത്തിലാണ് നടപ്പാലത്തിന്റെ രൂപകൽപ്പന. ഇതിനായി നടപ്പാലത്തിന്റെ ഇരുവശത്തുമായി ഒന്നരസെന്റ് വീതമാണ് സ്ഥലം ഏറ്റെടുക്കുക.









0 comments