Deshabhimani

മനോഹരം, ഇ‍ൗ നിർമാണം

പെരുമൺപാലം: സ്‌പാനിൽ 
പൂർത്തിയായത്‌ 69 മീറ്റർ

നിർമാണം പുരോഗമിക്കുന്ന  പെരുമൺപാലം
avatar
സ്വന്തം ലേഖിക

Published on Oct 13, 2026, 02:09 AM | 2 min read

കൊല്ലം

നിർമാണഭംഗിയിൽ കാണുന്നവരുടെ മനസ്സിൽ ഇടംനേടുകയാണ്‌ പെരുമൺ– -പേഴുംതുരുത്ത്‌ പാലം. അഷ്ടമുടിക്കായലിന്റെ മധ്യഭാഗത്ത് പൈലോണുകളിൽ തൂങ്ങിനിൽക്കുന്ന വിധം നിർമിക്കുന്ന പാലത്തിന്റെ സ്പാനിൽ 69മീറ്റർ പൂർത്തിയായി. 154 മീറ്റർ നീളമുള്ള സ്‌പാനിൽ പേഴുംതുരുത്ത് ഭാഗത്തെ പൈലോണിൽനിന്ന് ഇരുവശത്തേക്കുമായി 30 മീറ്റർ വീതമാണ്‌ പൂർത്തിയായത്‌. ആറുമാസം മുമ്പ് ഇ‍ൗ ഭാഗത്തെ പൈലോണിൽനിന്ന് ഇരുവശത്തേക്കുമായി ഒമ്പത്‌ മീറ്റർ പൂർത്തിയാക്കിയിരുന്നു. 13മാസത്തിനകം നിർമാണം പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ്‌ കരാർ കന്പനി. തെക്ക്‌– വടക്കൻ ഗോവകളെ ബന്ധിപ്പിച്ച്‌ സുവാരി നദിക്കു കുറുകെയുള്ള മനോഹർ സേതു എന്ന ന്യൂ സുവാരി പാലത്തിന്റെ മാതൃകയിൽ കേബിൾ സ്റ്റേയ്‌ഡ്‌ ബ്രിഡ്ജാണ്‌ പെരുമണിലും ഒരുക്കുന്നത്‌. വിനോദസഞ്ചാരികൾക്ക്‌ അഷ്ടമുടിക്കായലിന്റെയും പരിസരത്തെയും സൗന്ദര്യംകൂടി ആസ്വദിക്കാൻ പാലത്തിൽനിന്നാകും. സെഗ്മന്റ് കൺസ്ട്രക്‌ഷൻ (ഓരോ ഭാഗങ്ങളായി നിർമിച്ചശേഷം കൂട്ടി യോജിപ്പിക്കുന്ന) രീതിയിലാണ്‌ മധ്യഭാഗം നിർമിക്കുക. പേഴുംതുരുത്ത്‌ ഭാഗത്ത്‌ ആകെ 11സെഗ്‌മെന്റാണ്‌ ചെയ്യേണ്ടത്‌. ഇതിൽ 10എണ്ണം പൂർത്തിയായി. ഒരു സെഗ്‌മെന്റ്‌ നിർമാണത്തിന്‌ ഒരു മാസമാണ്‌ വേണ്ടത്‌. അത്‌ പൂർത്തിയായാൽ മാത്രമേ പെരുമൺ ഭാഗത്തെ നിർമാണം തുടങ്ങൂ. ക്രെയിൻ ഉപയോഗിച്ച് താങ്ങിനിർത്തുന്നതും ചലിക്കുന്നതുമായ തട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് ഇരുവശങ്ങളിലും സ്പാനിന്റെ മൂന്നുമീറ്റർ വീതം നിർമാണമേ ഒരുസമയം നടക്കു. പെരുമൺ ഭാഗത്തെ പൈലോണിന്റെ ഇരുവശത്തേക്കുമുള്ള സ്പാനിന്റെ കോൺക്രീറ്റിങ്‌ നടക്കാനുണ്ട്‌. ആകെ 394 മീറ്ററാണ് പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെ നീളം. ഇതിൽ ഇരുകരകളിൽനിന്ന് 30 മീറ്റർ വീതം നീളമുള്ള എട്ട്‌ സ്പാനുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ഇതിന് നടുവിൽ കായലിന്റെ മധ്യഭാഗത്ത് 70 മീറ്റർ നീളമുള്ള ഒരു സ്പാനും അതിന്റെ ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുമാണ് വേണ്ടത്‌. ഗർഡറുകളിൽ താങ്ങിനിർത്തുന്നതിന് പകരം പാലത്തിന്റെ ഈ മൂന്ന് സ്പാനുകളും പൈലോണുകളിൽ സ്റ്റീൽ റോപ്പുകളിൽ തൂക്കിയാണ് നിർത്തുന്നത്. മൺറോതുരുത്ത്, പനയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമൺ പാലം യാഥാർഥ്യമാകുന്നതോടെ മൺറോതുരുത്തിൽനിന്ന് കൊല്ലം നഗരത്തിലേക്കുള്ള 23 കിലോമീറ്റർ ദൂരം 13 ആയി ചുരുങ്ങും. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പാലം നിർമാണത്തിന്‌ തുടക്കമിട്ടത്‌. എന്നാൽ, പിന്നീട് വന്ന യുഡിഎഫ്‌ സർക്കാർ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ നിർമാണം ഉപേക്ഷിച്ചു. തുടർന്ന്‌ അധികാരമേറ്റ‌ പിണറായി സർക്കാർ കിഫ്‌ബിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. എം മുകേഷ് എംഎൽഎയുടെ ശ്രമഫലമായാണ്‌ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home