മൂന്നുപതിറ്റാണ്ടിന്റെ സ്വപ‍്നം ഒരു "വിളി'യിൽ സഫലം

അമൽ ഷൈജു
Published on Feb 27, 2026, 02:05 AM | 1 min read
കൊല്ലം
സ്വന്തമായി ഒരുപിടി മണ്ണ്. പ്രശാന്തന്റെയും സുലഭയുടെയും സ്വപ്നത്തിന് മൂന്നുപതിറ്റാണ്ടിന്റെ കഥയുണ്ട് പറയാൻ. കാത്തിരിപ്പിനൊടുവിൽ ഒരു "വിളി' കൊണ്ട് ആ പ്രതിസന്ധി അതിജീവിച്ചപ്പോൾ സന്തോഷത്തേക്കാളേറെ 30 വർഷത്തെ പോരാട്ടമാണ് ഇരുവരുടെയും മനസ്സിൽ മിന്നിമാഞ്ഞത്. കൊല്ലം ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ സ്വന്തം ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങുമ്പോൾ ഇരുവരുടെയും മുഖത്ത് ആനന്ദക്കണ്ണീർ പൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ "സിഎം വിത്ത് മി' കോൾ സെന്ററിലേക്കുള്ള വിളിയാണ് സ്വപ്നസാക്ഷാൽക്കാരത്തിലേക്ക് വഴിതെളിച്ചത്. ചടയമംഗലം ചിതറ മാങ്കോട് കല്ലുവെട്ടാംകുഴി അഖിൽ ശാന്തഭവനിൽ കെ സുലഭയും കെ പ്രശാന്തനുമാണ് പട്ടയം ലഭിച്ചത്. സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കി 30 വർഷം മുമ്പാണ് ഇരുവരും സ്ഥലം വാങ്ങുന്നത്. കരം അടയ്‌ക്കാനായി വില്ലേജ് ഓഫീസിലെത്തുമ്പോഴാണ് സർവേ നമ്പർ ഉൾപ്പെടെ വേണ്ടത്ര രേഖകളില്ലാത്ത സ്ഥലമാണെന്നും വഞ്ചിക്കപ്പെട്ടുവെന്നും അറിഞ്ഞത്. ഇതോടെ രേഖകൾ സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. നിരവധി ഓഫീസുകൾ കയറിയെങ്കിലും പരിഹാരമായില്ല. പല കാലങ്ങളിലായി ഏതാനും രേഖകൾ സംഘടിപ്പിച്ചെങ്കിലും പട്ടയത്തിന് പരിഹാരമായില്ല. ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയിൽ പട്ടയം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി രേഖകളെല്ലാം വാങ്ങിച്ചെങ്കിലും പരിഹാരമുണ്ടായില്ല. രണ്ടാഴ്ചമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ "സിഎം വിത്ത് മി' കോൾ സെന്ററിൽ ബന്ധപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ കൊട്ടാരക്കര തഹസിൽദാർക്ക് കോൾ സെന്ററിൽനിന്ന് വിളിയെത്തി. രേഖകൾ പരിശോധിച്ച് വേണ്ട ഇടപെടൽ നടത്താനായിരുന്നു നിർദേശം. വൈകാതെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പട്ടയം അനുവദിക്കാൻ ഉത്തരവിട്ടു. മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ഒരൊറ്റ വിളിയിൽ പരിഹാരമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് സുലഭയും പ്രശാന്തനും പറയുന്നു. ഇൗ സർക്കാർ ഇനിയും തുടരണമെന്നാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞു. വിവാഹിതരായ രണ്ടുമക്കൾ ഉൾപ്പെടുന്നതാണ് പ്രശാന്തന്റെയും സുലഭയുടെയും കുടുംബം.










0 comments