പള്ളിവേട്ടച്ചിറയിൽ വയഡക്ട് അനുവദിക്കണം

അഞ്ചാലുംമൂട്
കടവൂർ പള്ളിവേട്ടച്ചിറ ഭാഗത്ത് ദേശീയപാതയിൽ വയോഡക്ട് അനുവദിക്കുക, കുരീപ്പുഴ പാലത്തിന് താഴെ കായൽതീരം വഴി യു ടേൺ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സിപിഐ എം പ്രക്ഷോഭത്തിലേക്ക്. തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പള്ളിവേട്ടച്ചിറയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ ജി ബിജു സമരം ഉദ്ഘാടനംചെയ്തു. നീരാവിൽ– -കടവൂർ റോഡ് അടച്ചാണ് ഉയരപ്പാത നിർമിക്കുന്നത്. കടവൂർ ജങ്ഷനിലെ ഫ്ലൈ ഓവറിനടിയിലൂടെ കൊല്ലം– -തേനി ദേശീയപാത കടന്നുപോകുന്നതിനാൽ കാൽനടയായും ചെറിയ വാഹനങ്ങളിലും ഇതുവഴിയുള്ള യാത്ര ഏറെ അപകടകരമാണ്. ദേശീയപാതയിൽ ഏറ്റെടുത്ത ഭൂമിയിൽ ഓട കഴിഞ്ഞുള്ള ഭാഗം ഇന്റർലോക്ക് ചെയ്ത് വീതി കൂട്ടി സർവീസ് റോഡ് ഇരുവശത്തേക്കും ആക്കുക, കുരീപ്പുഴ പാലത്തിന് സമീപത്തെ ഓട കായലിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങൾക്കൂടി ഉന്നയിച്ചാണ് സമരം. നീരാവിൽ ഡിവിഷൻ കൗൺസിലർ ആർ മഹേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, മതിലിൽ ഡിവിഷൻ കൗൺസിലർ പ്രശാന്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ അമാൻ, കെ ബി ജോയ്, സിന്ധു സുഭാഷ്, സിന്ധുറാണി എന്നിവർ സംസാരിച്ചു. യോഗത്തിന് മുന്പ് കടവൂർ ജങ്ഷൻ ചുറ്റി പ്രകടനവും നടത്തി.










0 comments