ഷോപ്‌കോസ് ഉൽപ്പന്ന വിപണനമേള ഇന്നു തുടക്കം
ഓണസദ്യ രുചികരമാക്കാം

സ്വന്തംലേഖിക
Published on Aug 30, 2025, 01:03 AM | 1 min read
കൊല്ലം
മായം കലരാത്ത ഉൽപ്പന്നങ്ങളാൽ ഓണസദ്യ രുചികരമാക്കാം. കേരള സ്റ്റേറ്റ് ഷോപ്‌കോസ് ഫെഡ് ലിമിറ്റഡ് ഫുഡ് പ്രോസസിങ് യൂണിറ്റിന്റെ ഉൽപ്പന്ന പ്രദർശന വിപണനമേള ശനിയാഴ്ച തുടക്കം. പകൽ 10.30ന് കലക്ടറേറ്റിനു സമീപം തുടങ്ങുന്ന മേള സഹകരണ ജോയിന്റ് രജിസ്‌ട്രാർ ടി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യും. മേളയിൽ കഴുകി ഉണക്കിപ്പൊടിച്ച മുളകുപൊടി, മല്ലിപ്പൊടി, പുഴുങ്ങി ഉണക്കിപ്പൊടിച്ച മഞ്ഞൾപ്പൊടി. നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഏത്തയ്ക്ക വറ്റൽ, അച്ചപ്പം, ശുദ്ധമായ അരിപ്പൊടി, പുട്ടുപൊടി എന്നിവ ലഭിക്കും. കേരള സ്റ്റേറ്റ് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയിസ് ആന്‍ഡ് ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ഫെഡറൽ സഹകരണസംഘത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് പ്രോസസിങ് ആന്‍ഡ് അപ്പാരൽ പാർക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്. മേള സെപ്‌തംബർ രണ്ടിന് സമാപിക്കും.
വിളമ്പാൻ കുടുംബശ്രീ ചിപ്സും ശർക്കര വരട്ടിയും
അഖിൽ സദാശിവൻ
കൊല്ലം
ഓണസദ്യയിൽ മലയാളിക്ക് ഒഴിവാക്കാനാകാത്തതാണ് എത്തയ്ക്കാ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ. വെളിച്ചെണ്ണയുടെ വില വർധിച്ചതോടെ വിപണിയിൽ ചിപ്സിനും വിലയേറിയിരുന്നു. ഈ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ കുറഞ്ഞ വിലയിൽ ചിപ്സും ശർക്കരവരട്ടിയുമായി കുടുംബശ്രീ. ഫ്രഷ് ബൈറ്റ്സ് എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. ജില്ലയിൽ തൃക്കോവിൽവട്ടം കേന്ദ്രീകരിച്ചാണ് ഇതിനായുള്ള യൂണിറ്റുകൾ പ്രവർത്തിക്കുക. ഇവിടെവച്ചാണ് പാക്കിങ്, എണ്ണയുടെ ഗുണനിലവാരം, മഞ്ഞൾപ്പൊടിയുടെ അളവ് എന്നിവയെല്ലാം പരിശോധിച്ച് ഉൽപ്പനങ്ങൾ നിർമിക്കുക. കരസ്പർശം ഏൽക്കാതെ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പാക്കിങ് ഉൾപ്പെടെ നടത്തുന്നത്. പായ്ക്കറ്റിൽ കുടുംബശ്രീയുടെ ലോഗോയ്ക്കും പേരിനുമൊപ്പം യൂണിറ്റിന്റെ പേരും ഉണ്ടാകും. സാധാരണ ചിപ്സിനേക്കാൾ പഴുത്ത വാഴക്ക ചിപ്സിനാണ് ആവശ്യക്കാരേറെയുള്ളത്. സംസ്ഥാന വ്യാപകമായി ഒറ്റ ബ്രാൻഡിലാണ് വിൽപ്പന നടത്തുക. കുടുംബശ്രീ സ്റ്റോര്‍, വിതരണക്കാർ എന്നിവ വഴിയാണ് വിൽപ്പന. 17 യൂണിറ്റാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. ഇവരെ ചേർത്ത് കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് ആശ്രാമത്തു നടന്ന ഓണം മേളയിൽ മാത്രം 75,000 രൂപയുടെ ചിപ്സ് വില്‍പ്പന നടന്നിരുന്നു. മസാലകൾ, കറിപ്പൊടികൾ എന്നിവയും കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലുണ്ട്.









0 comments