Deshabhimani

കെഎസ്ഇബിയിലെ അന്യായ സസ്‌പെൻഷൻ 23-ന് ജില്ലയിലെ എല്ലാ ഓഫീസുകൾക്കു മുന്നിലും സമരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 12:39 AM | 1 min read

 കൊല്ലം ജീവനക്കാരുടെ അന്യായ സസ്‌പെൻഷൻ ചർച്ചചെയ്ത് പരിഹരിച്ചില്ലെങ്കിൽ 23-ന് ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ. ജീവനക്കാരുടെ സസ്‌പെൻഷനെതിരെ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് സിഐടിയു നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂർവമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. വെൽഫെയർ ഫണ്ട് ബോർഡുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള അവാർഡ് വിതരണ ചടങ്ങ് ഐഎൻടിയുസി സംഘടനയെ മാത്രം ഉൾപ്പെടുത്തി ഏകപക്ഷീയമായി സംഘടിപ്പിച്ചതിനെ ജനാധിപത്യപരമായി ചോദ്യംചെയ്ത കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനി ഉമ്മൻ മാത്യൂ, സംസ്ഥാന കമ്മിറ്റി അംഗം കിഷോർ എന്നിവരെയാണ് കള്ളക്കേസിൽ കുടുക്കി ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രതികാരബുദ്ധിയോടെ സസ്പെൻഡ് ചെയ്തത്. അനീതി ചോദ്യംചെയ്താൽ സസ്പെൻഷനാണ് മറുപടിയെന്ന നിലപാട് അംഗീകരിക്കാനാകില്ല. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്ക ണം. സംഘടനാ നേതാക്കൾക്കെതിരെയുള്ള പകപോക്കൽ നടപടികൾ ഉടനടി പിൻവലിക്കണമെന്നും ജീവനക്കാരുടെ അന്തസ്സ് സംരക്ഷിക്കാൻ ശക്തമായി മുന്നിലുണ്ടാകുമെന്നും സിഐടിയു വ്യക്തമാക്കി. ​മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ധർണയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. എം എച്ച് ഷാരിയർ, എ എം ഇക്ബാൽ, എസ് എൽ സജികുമാർ, എ അനിരുദ്ധൻ, ജി ആനന്ദൻ, സി സന്തോഷ്, എസ് ഹരിലാൽ, അനിൽകുമാർ, കെ അനിൽകുമാർ, ടി എൻ ത്യാഗരാജൻ, ജെ ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home