print edition അമൃത് ഭാരത് പദ്ധതി; നെയ്യാറ്റിൻകര സ്റ്റേഷൻ നവീകരണം സ്തംഭനത്തിൽ

നിർമാണ പ്രവർത്തനങ്ങൾ നിലച്ച നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ
എസ് സജു
Published on Oct 08, 2026, 01:30 AM | 1 min read
നെയ്യാറ്റിൻകര : അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. പ്രധാന കെട്ടിടം, റോഡ്, പ്ലാറ്റ്‌ഫോം തുടങ്ങിയവയുടെ നിർമാണമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. കരാറുകാരന് റെയിൽവേ പണം നൽകാത്തതാണ് കാരണം.
2023 ജൂലൈയിൽ തുടങ്ങിയ സ്റ്റേഷൻ വികസന പ്രവൃത്തികൾ മൂന്നുവർഷം പിന്നിട്ടിട്ടും അനിശ്ചിതത്വത്തിലാണ്. നെയ്യാറ്റിൻകരയ്ക്കൊപ്പം അമൃത് ഭാരതിൽപ്പെടുത്തി നിർമാണം തുടങ്ങിയ ചിറയിൻകീഴ് സ്റ്റേഷന്റെ പണികൾ പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞു. നാല് പ്ലാറ്റ്‌ഫോമുകൾ, മേൽക്കൂരകൾ, പുതിയ ഫൂട്ട് ഓവർബ്രിഡ്ജ്, വിശാലമായ പാർക്കിങ് സൗകര്യം, സ്റ്റേഷനിലേക്ക് രണ്ടുവരി റോഡ്, രണ്ടാം കവാടം എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.
പാർക്കിങ് യാർഡ് നിർമാണം മാത്രമാണ് പൂർത്തിയായത്. റോഡിന് ഇരുവശത്തും ഓട നിർമിക്കുകയും കുറച്ചുദൂരം കോൺക്രീറ്റ് ചെയ്യുകയും ചെയ്തതല്ലാതെ രണ്ടുവരി റോഡ് നിർമാണം നിലച്ചിരിക്കുകയാണ്. പ്രധാന കെട്ടിടത്തിനുമുന്നിൽ നാല് കോൺക്രീറ്റ് തൂണുകൾ ഉയർന്നതല്ലാതെ മേൽക്കൂര നിർമാണം തുടങ്ങിയതുപോലുമില്ല. പ്ലാറ്റ്‌ഫോമുകളുടെ പണികളും നിലച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി നെയ്യാറ്റിൻകരയെ മാറ്റാനായി ചരക്കുതീവണ്ടി ഗതാഗതത്തിന് പുതിയ ട്രാക്കും യാർഡും നിർമിക്കേണ്ടതുണ്ട്. കൊങ്കൺ റെയിൽ കോർപറേഷനാണ് ചുമതല. ആശുപത്രി കവലയിൽനിന്നുള്ള പ്രധാന കവാടവും കാട്ടാക്കട റോഡിലെ പുതിയ പാലത്തിനുസമീപമുള്ള രണ്ടാം കവാടവും കടലാസിൽ മാത്രമായി.
നിർമാണം നിലച്ചതോടെ മഴവെള്ളം കെട്ടിക്കിടന്ന് റെയിൽവേ സ്റ്റേഷൻ റോഡ് പൂർണമായും സഞ്ചാരയോഗ്യമല്ലാതായി. നൂറുകണക്കിന് യാത്രക്കാർക്ക് ദിവസവും ചെളിയിൽക്കൂടി നടന്നുപോകേണ്ടിവരുന്നു. ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും റോഡ് നിർമാണവും സ്റ്റേഷൻ വികസനവും ഉടൻ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.









0 comments