print edition കുട്ടികളെ പട്ടിണിക്കിടുന്നത് ഭരണനയം

ക്ഷേമ, ആശ്വാസ പദ്ധതികളോട് മുഖംതിരിഞ്ഞുനിൽക്കുന്ന യുഡിഎഫ് സർക്കാർ ഇപ്പോൾ സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണവും മുടക്കുകയാണ്. സ്‌കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്‌ചകൾക്കൊപ്പമാണ് ഇൗ വാർത്തകളും പുറത്തുവരുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവിതരണത്തിനുള്ള ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിലെ സർക്കാർ ഫണ്ട് വിഹിതം ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള അരിമാത്രമാണ് സപ്ലൈകോവഴി ലഭിക്കുന്നത്.
പച്ചക്കറി, പലവ്യഞ്‌ജനം എന്നിവ പൊതുവിപണിയിൽനിന്ന് വാങ്ങണം. ഇതിനുള്ള തുകയാണ് രണ്ടുമാസമായി കുടിശ്ശികയായിരിക്കുന്നത്. വിപണിയിലാകട്ടെ അവശ്യസാധനവില കുതിക്കുകയുമാണ്. കുട്ടികൾ പട്ടിണിയാകാതിരിക്കാൻ അധ്യാപകർ കടംവാങ്ങിയും സ്വർണം പണയംവച്ചുമൊക്കെ തുക കണ്ടെത്തിയാണ് അവശ്യസാധനങ്ങൾ വാങ്ങി ഭക്ഷണവിതരണം നടത്തിയിരുന്നത്.
എന്നാൽ, ചെലവാക്കിയ തുകയും സർക്കാരിൽനിന്ന് കിട്ടാതായതോടെ അധ്യാപകർ ഭക്ഷണം മുടങ്ങാതിരിക്കാനും കടംവീട്ടാനും നെട്ടോട്ടം ഓടുകയാണ്. പൊതുവിദ്യാലയങ്ങളിലെ പോഷകസമൃദ്ധമായ ഭക്ഷണ മെനു ഇൗ സർക്കാർ അട്ടിമറിച്ചതിനുപിന്നാലെയാണ് കുടിശ്ശികയാക്കൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എഗ് ഫ്രൈഡ്‌റൈസ്, വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ് എന്നിവയടക്കം മെനുവിലുണ്ടായിരുന്നു.
കുട്ടികൾക്ക് പോഷകാഹാരലഭ്യത ഉറപ്പാക്കാൻ വിദഗ്‌ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിച്ചാണ് എൽഡിഎഫ് സർക്കാർ അന്ന് ഭക്ഷണ മെനു പരിഷ്‌കരിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ വന്ന ഉടൻ മെനു വെട്ടിച്ചുരുക്കി ചോറും രണ്ടു കറിയുംമാത്രം മതിയെന്നാക്കി.
ഇൗ സർക്കാർ, സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിക്കുള്ള ഫണ്ട് വിതരണം ട്രഷറിവഴിയാക്കിയതും അധ്യാപകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കൈയിൽനിന്നെടുത്തും കടംവാങ്ങിയും ചെലവാക്കിയ തുക വാങ്ങാൻ അധ്യാപകർ ട്രഷറി കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്.
നേരത്തേ എഇഒ ഓഫീസിൽനിന്ന് നൂൺ മീൽ ഓഫീസർ ബിൽ പാസാക്കി ബാങ്കിൽനിന്ന് തുക മാറിയെടുക്കാമായിരുന്നു. എന്നാലിപ്പോൾ നൂൺ മീൽ ഓഫീസർ ബിൽ പാസാക്കി സ്റ്റേറ്റ്‌മെന്റും ചേർത്ത് ബിംസ് പോർട്ടലിൽ തയ്യാറാക്കിയ ഓൺലൈൻ ബില്ലും ട്രഷറിയിൽ ഹാജരാക്കണം. ഒരുമാസം സാധനങ്ങൾ വാങ്ങിയതിന്റെ മുഴുവൻ ബില്ലുകളും ഇതോടൊപ്പം ട്രഷറിയിൽ നൽകണം. ഇങ്ങനെയൊക്കെ ബിൽ നൽകിയിട്ടും തുക കുടിശ്ശികയായത് അധ്യാപകരെ വലയ്ക്കുകയാണ്.
അങ്കണവാടികളിലെ പോഷകാഹാരവിതരണവും പലപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത് വാർത്തയായിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും പലവ്യഞ്‌ജന, പച്ചക്കറി വിലക്കയറ്റവുമാണ് അങ്കണവാടി ഭക്ഷണവിതരണം നേരിടുന്ന പ്രതിസന്ധികൾ. അങ്കണവാടികളിലെ ഭക്ഷണവിതരണത്തിനുള്ള കൂടുതൽ തുകയും നൽകുന്നത് തദ്ദേശസ്ഥാപനങ്ങൾവഴിയാണ്. കേന്ദ്രവിഹിതം നാമമാത്രമാണ്.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാർ ഫണ്ട് വൈകുന്നത് അങ്കണവാടികൾക്കുള്ള സഹായത്തെയും പ്രതികൂലമായി ബാധിക്കുന്നു.
പൊതുവിദ്യാലയങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോധപൂർവം സൃഷ്ടിക്കുന്നതാണ് പ്രതിസന്ധികളെന്ന് കരുതണം. പൊതുമേഖലയിൽ വിദ്യാലയങ്ങളും പ്രീ–പ്രൈമറികളും അങ്കണവാടികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് സ്വകാര്യലോബിക്ക് ദഹിക്കുന്നതല്ല.
എൽഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖല കാര്യക്ഷമമായി ഉയർന്നുവന്നത് തൽപ്പരകക്ഷികളെ അസ്വസ്ഥരാക്കിയിരുന്നു. വിദ്യാഭ്യാസത്തെ കച്ചവടമായി മാത്രം കാണുന്ന ശക്തികൾ എൽഡിഎഫ് സർക്കാരിനെതിരെയും പൊതുവിദ്യാഭ്യാസ സംവിധാനത്തിനെതിരെയും നിരന്തരം കുപ്രചാരണം നടത്തി. വലതുപക്ഷ മാധ്യമങ്ങളും ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. ചെറിയ പ്രശ്നങ്ങളോ പിഴവുകളോ പർവതീകരിക്കുകയും വലിയ നേട്ടങ്ങൾ തമസ്‌കരിക്കുകയും ചെയ്‌തു.
മികവുകൾ വാർത്തയാക്കാതെ ഇതൊക്കെ സ്വാഭാവികം എന്ന മട്ടിലാണ് മാധ്യമങ്ങൾ കൈകാര്യം ചെയ്‌തത്. ഇപ്പോൾ പൊതുവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയിലാക്കിയ യുഡിഎഫ് ഭരണകാലത്തെ വൻവീഴ്‌ചകൾ മറച്ചുവയ്‌ക്കാനും ഇവർ കൂട്ടുനിൽക്കുന്നു. ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥരെ പഴിച്ച് ഭരണനേതൃത്വത്തെ വെള്ളപൂശാനാണ് ശ്രമം. നയപരമായിത്തന്നെ സർക്കാർ സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ബോധ്യമാകും എന്നിരിക്കെയാണിത്.
ഏതായാലും സ്‌കൂൾ ഉച്ചഭക്ഷണവിതരണത്തിലുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയേ മതിയാകൂ. പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം കുട്ടികൾക്ക് പോഷകാഹാരലഭ്യതയും ഉറപ്പുവരുത്താൻ ബാധ്യതയുള്ള സർക്കാർ ഇനിയെങ്കിലും ആ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്.









0 comments