കൊട്ടാരക്കര ബൈപാസ് കെ എൻ ബാലഗോപാലിന്റെ സ്വപ്‌ന പദ്ധതി

ജി രംഗനാഥൻ
Published on Feb 23, 2026, 12:17 AM | 2 min read
കൊട്ടാരക്കര
കൊട്ടാരക്കര ബൈപാസിന്റെ നടപടികള്‍ വേഗത്തിലാകുമ്പോള്‍ പാലിക്കപ്പെടുന്നത് നിയോജകമണ്ഡലം എംഎല്‍എയും ധനമന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ കെ എന്‍ ബാലഗോപാല്‍ ജനങ്ങള്‍ക്കു നല്‍കിയ ഒന്നാമത്തെ വാഗ്ദാനം നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുമെന്നതായിരുന്നു. നഗരത്തിന് നടുവിലൂടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി നിര്‍ദേശം നഗരവാസികളില്‍ ഒരു വിഭാഗം മുന്നോട്ടുവച്ചു. എന്നാല്‍, അത് നഗരത്തിനെ ശ്വാസംമുട്ടിക്കുമെന്നും മേല്‍പ്പാലത്തിനു താഴെയുള്ള കച്ചവടവും ഗതാഗതവും തകരാറിലാക്കുമെന്നുമുള്ള പൊതുഅഭിപ്രായം ഉയര്‍ന്നുവന്നു. അത് സംബന്ധിച്ച് വിദഗ്ധാഭിപ്രായംകൂടി ആരാഞ്ഞശേഷം മേല്‍പ്പാല നിര്‍ദേശം ഒഴിവാക്കി. പിന്നീട് 2022ലാണ് കൊട്ടാരക്കര ബൈപാസ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്. തുടര്‍ന്ന് കിഫ്ബി വഴി ആദ്യഘട്ടം എന്ന നിലയില്‍ ഭൂമിയേറ്റെടുക്കലിനായി 110കോടി രൂപ അനുവദിപ്പിച്ചു. കൊട്ടാരക്കര- –തിരുവനന്തപുരം എംസി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിനു സമീപത്തുനിന്ന് ആരംഭിച്ച് പുലമണില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാതയായി എത്തി, ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിനു സമീപം എംസി റോഡില്‍ ചേരുന്ന നിലയില്‍ നാലുവരി പാതയായാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. 2023 ഫെബ്രുവരി 27ന് ചേര്‍ന്ന കിഫ്ബി യോഗത്തിൽ ബൈപാസ് നിര്‍മിക്കുന്നതിനായി കെആര്‍എഫ്ബി സമര്‍പ്പിച്ച 110.35കോടി രൂപയുടെ ഭൂമിയേറ്റെടുക്കല്‍ പദ്ധതി അംഗീകരിച്ചത്. കൊട്ടാരക്കര, മൈലം വില്ലേജുകളില്‍നിന്ന് ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2024 ഡിസംബർ 17ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2025 മെയ് 18ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2026 മാര്‍ച്ചില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സമയബന്ധിതമായി പുരോഗമിക്കുകയാണ്. ജനവാസ മേഖലകളില്‍ ഒരു ബൈപാസിന്റെ അലൈന്‍മെന്റ് ഉണ്ടാക്കി, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ അനുമതികളും നേടിയെടുക്കാന്‍ സാധാരണഗതിയില്‍ വലിയ സമയം വേണ്ടിവരും. അത്തരത്തിൽ ഏറ്റെടുത്തിട്ടുള്ള ബൈപാസ് പദ്ധതികളുമായി തട്ടിച്ചുനോക്കുമ്പോൾ കൊട്ടാരക്കര ബൈപാസിന്റെ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ടുപോകുന്നത്. പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം നല്‍കി മൂന്നുവര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടി വരെ എത്താൻ സാധിച്ചു. ഭൂമി പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒരു വര്‍ഷം കൊണ്ട് ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകും.










0 comments