മാധുര്യമൂറും ശർക്കരയും കരിമ്പും

കരിമ്പിൻപുഴയിലെ ജൈവ ശർക്കരയുടെ നിർമ്മാണവുമായി ബാലകൃഷ്ണപിള്ള
ജി രംഗനാഥൻ
Published on Apr 01, 2025, 01:33 AM | 1 min read
കൊട്ടാരക്കര
കല്ലടയാറിന്റെ തീരം വീണ്ടും കരിമ്പ് കൃഷിയാൽ സമ്പന്നമാക്കി റിട്ട. അധ്യാപകൻ. പ്രശാന്തി നിലയത്തിൽ ബാലകൃഷ്ണപിള്ള (80)യാണ് കരിമ്പ് കൃഷിയും ശർക്കര ഉൽപ്പാദനവും നടത്തി കരിമ്പിൻ പുഴ സമൃദ്ധമാക്കുന്നത്. ഒരുകാലത്ത് കല്ലടയാറിന്റെ തീരം കരിമ്പ് കൃഷിയാൽ സമ്പന്നമായിരുന്നു. കാലക്രമേണ പഞ്ചസാര ഫാക്ടറികളെല്ലാം പ്രവർത്തനം നിർത്തി. പിന്നീട് കരിമ്പ് ഏറ്റെടുക്കാൻ ആളില്ലാതായതോടെ കരിമ്പിൻ പുഴയിലെ കൃഷിയും നിലയ്‌ക്കുകയായിരുന്നു. കരിമ്പിൻപുഴയുടെ ഖ്യാതി നഷ്‌ടപ്പെടാതിരിക്കാനാണ് ചെറുകിട വ്യാപാരിയായ ബാലകൃഷണപിള്ള കൃഷി തുടങ്ങിയത്. കരിമ്പിൽനിന്നും ജൈവ ശർക്കര ഉൽപ്പാദിപ്പിച്ച് സ്വദേശത്തും വിദേശത്തും കയറ്റി അയക്കുന്നുമുണ്ട്. ശർക്കരക്കായി ‘മാധുരി’എന്ന മാധുര്യമൂറും കരിമ്പാണ് കൃഷിചെയ്യുന്നത്. കരിമ്പ് എടുക്കാൻ ആളായതോടെ ഏഴ് കർഷകർ 12 ഏക്കറിൽ കൃഷി തുടങ്ങി. ഈ കരിമ്പെല്ലാം ബാലകൃഷ്‌ണപിള്ളയുടെ ശർക്കര യൂണിറ്റാണ് ഏറ്റെടുക്കുന്നത്. കുന്നത്തൂർ പാലത്തിനു സമീപമാണ് ബാലകൃഷ്‌ണപിള്ളയുടെ ‘കരിമ്പിൻപുഴ ശർക്കര’ യൂണിറ്റ് സ്ഥിതിചെയ്യുന്നത്. കരിമ്പിന്റെ നീര് പിഴിഞ്ഞെടുത്ത് ചെമ്പിൽ ചൂടാക്കി നിരവധി പ്രക്രീയയിലൂടെയാണ് ശർക്കരയാക്കി മാറ്റുന്നത്. ജൈവ ശർക്കരയായത് കൊണ്ടുതന്നെ നിരവധിപേരാണ് ശർക്കര വാങ്ങാൻ എത്തുന്നത്. ശർക്കര നിർമാണ യൂണിറ്റിനൊപ്പം പ്ലാന്റ്സ് ഗാർഡനും ജൈവ ഉൽപ്പന്ന വിപണന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കറുകപട്ട, കുരുമുളക്, ഏലം തുടങ്ങിയവ കർഷകരിൽനിന്നും ശേഖരിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്നുമുണ്ട്.










0 comments