ad
Deshabhimani

കാര്യക്ഷമമായി ഇടപെടാതെ വകുപ്പ് മന്ത്രി

ഉന്നതികളിൽ വറുതിയുടെ ഇരുണ്ടകാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ

Published on Jul 06, 2026, 12:09 AM | 1 min read

കൊല്ലം

ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലെന്നും സഹായം ലഭിക്കുന്നില്ലെന്നുമുള്ള അച്ചൻകോവിൽ ഉന്നതിയിലെ അഞ്ജുവിന്റെ തുറന്നുപറച്ചിൽ വ്യക്തമാക്കുന്നത്‌ സംസ്ഥാനത്തെ ആദിവാസി മേഖലയിലെ ജീവിതദുരിതം. യുവതിയുടെ വെളിപ്പെടുത്തലും പ്രൊമോട്ടറുടെ ആത്മഹത്യാ ശ്രമവും സർക്കാരിനെയും പട്ടികവർഗ വികസനവകുപ്പിനെയും തിരിഞ്ഞുകൊത്തുകയാണ്‌. ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകർ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന്‌ എസ്‌ടി പ്രൊമോട്ടർ എ റസിയ വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ചാണ്‌ കഴിഞ്ഞദിവസം പുനലൂരിൽ എത്തിയ വകുപ്പ്‌ മന്ത്രി കെ എ തുളസിയുടെ പ്രതികരണം. ഭാരക്കുറവോടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിന്റെ ഉത്തരവാദിത്വമെല്ലാം പ്രൊമോട്ടറുടെ തലയിൽവച്ച് രക്ഷപ്പെടാനാണ്‌ മന്ത്രി ശ്രമിക്കുന്നത്‌. മഴക്കാലത്ത്‌ സംസ്ഥാനത്ത്‌ എഴായിരത്തി അഞ്ഞൂറ്‌ ഉന്നതികളിലും അനുഭവപ്പെടുന്നത്‌ കടുത്ത ജീവിത പ്രയാസവും വറുതിയുമാണ്‌. ജൂണിൽ വിതരണം തുടങ്ങേണ്ട മഴക്കാലക്കിറ്റ്‌ ഇ‍ൗ മാസമെങ്കിലും കിട്ടുമെന്ന്‌ ഉറപ്പില്ല. മഴ ശക്തമായതോടെ വനമേഖലകളെ ആശ്രയിച്ചുണ്ടായിരുന്ന ഉപജീവന മാർഗങ്ങളും ആദിവാസികൾക്ക്‌ തടസ്സപ്പെട്ടിരിക്കുകയാണ്‌. പുറംജോലികളും മുടങ്ങി. ഇതിനുപുറമെ ഭക്ഷ്യധാന്യക്കിറ്റ്‌ കൂടി കിട്ടാതെവന്നത്‌ മിക്ക ഉന്നതികളെയും ദുരിതത്തിലാക്കി. ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള അനുമതി വൈകിയതുമൂലം കിറ്റ്‌ വിതരണത്തിനുള്ള നടപടികളെല്ലാം വൈകി. മഴക്കാല ഭക്ഷ്യധാന്യക്കിറ്റിനുള്ള ലിസ്‌റ്റ്‌ ഉന്നതിയിൽനിന്നും നേരത്തെ കൊടുത്തിട്ടും എല്ലാം താമസിപ്പിക്കുകയാണ്‌. മുൻ വർഷങ്ങളിൽ സെപ്‌തംബർ വരെ മഴക്കാല ഭക്ഷ്യധാന്യ കിറ്റ്‌ നൽകിയിരുന്നു. ഗർഭിണികൾക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയതോടെ പോഷകാഹാരമില്ലാതെ ആദിവാസി ഗർഭിണികളും കുഞ്ഞുങ്ങളും വലയുന്നു. ഉന്നതികളിൽനിന്നു കുട്ടികളെ സ്‌കൂളിൽ എത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി മുടങ്ങുമോ എന്ന ആശങ്കയും ഉന്നതികളിൽ ശക്തമാണ്‌. ബോണ്ടുവച്ച വീടുകളുടെ നിർമാണവും പ്രതിസന്ധിയിലായി. ബില്ലുകൾ മാറികിട്ടാത്തത്‌ പ്രതിസന്ധി സൃഷ്‌ടിക്കും. മിശ്ര വിവാഹിതർക്കുള്ള സഹായവും നിലച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home