വാഗ്ദാനം കടലാസിലൊതുങ്ങി
ചെങ്കോട്ടയിലെ കമാനം പൊളിച്ച് മാറ്റിയിട്ട് ഒരു വർഷം

നിലവിൽ
രാജേഷ് ജാൻവി..
Published on Sep 27, 2026, 02:31 AM | 1 min read
പുനലൂർ
തിരുവിതാംകൂർ ഭരണകാലത്തിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന ശംഖ് മുദ്രയുള്ള ചെങ്കോട്ടയിലെ ചരിത്രകമാനം പൊളിച്ചുനീക്കിയിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ, പകരം പുതിയ കമാനം നിർമിക്കുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങുന്നു. റോഡ് വികസനത്തിനും സുഗമമായ ഗതാഗതത്തിനും തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ഹൈവേ വകുപ്പും പുരാവസ്തു വകുപ്പും ചേർന്നാണ് കഴിഞ്ഞ വർഷം സെപ്‌തംബർ 25ന് കമാനം പൊളിച്ചുമാറ്റിയത്. ചരക്കുലോറി ഇടിച്ച് മുകൾഭാഗം തകർന്നതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട്, വീതികൂട്ടി പുതിയ കമാനം നിർമിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയനല്ലൂർ എംഎൽഎ സി കൃഷ്ണ മുരളിയുടെ ഫണ്ട് ഉപയോഗിച്ച് 33 ലക്ഷം രൂപ ചെലവിൽ ദ്വാരപാലക പ്രതിമകളോടു കൂടിയ പുതിയ വലിയ അലങ്കാര കമാനം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം ആരംഭിക്കാത്തതിൽ നാട്ടുകാരിലും ചരിത്രപ്രേമികളിലും വലിയ പ്രതിഷേധമുണ്ട്. രാജഭരണകാലത്തെ അതിർത്തി തിരുവിതാംകൂറിന്റെ അതിർത്തിയായിരുന്ന ചെങ്കോട്ട പൊലീസ് സ്റ്റേഷന് സമീപമാണ് ചുടുകല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ച ഇൗ കമാനം സ്ഥിതിചെയ്തിരുന്നത്. കാൽനടയാത്രക്കാരെയും വില്ലുവണ്ടികളെയും കർശന പരിശോധനകൾക്ക് ശേഷമാണ് അന്ന് ഈ അതിർത്തി കടത്തിയിരുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അതിർത്തിയിലെ കിണറ്റിൽ കുളിച്ച് പ്രവേശിക്കുന്ന ആചാരവും അക്കാലത്തുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് ദ്വാരപാലക പ്രതിമകളും കമാനത്തിൽ സ്ഥാപിച്ചിരുന്നത്. 1956-ൽ സംസ്ഥാന പുനർനിർണയത്തോടെ ചെങ്കോട്ട തമിഴ്നാടിന്റെ ഭാഗമായെങ്കിലും ഈ കമാനം ചരിത്രസ്മാരകമായി നിലനിർത്തുകയായിരുന്നു.








0 comments