മോഹനം, ഇൗ തുരുത്തുകൾ

ആയഞ്ചേരി തുരുത്ത്
വി വി രഗീഷ് ആയഞ്ചേരി ഉള്ളുണർത്തുന്ന ചന്തവും ശാന്തതയുമാണ് ആയഞ്ചേരിയിലെ തുരുത്തുകൾക്ക്. നോക്കെത്താദൂരത്തോളം പരന്നൊഴുകുന്ന പച്ചപ്പിന് മോഹിപ്പിക്കുന്ന നിശ്ശബ്ദതയാണ്. അവയെ പകുത്ത് വയലുകളുടെ നിര. വയലുകൾക്ക് അരഞ്ഞാണം ചാർത്തി തെളിനീരൊഴുകുന്ന തോട്. അവയിൽ മിന്നായംപോലെ ചാടിമറിയുന്ന മീനുകൾ. പാട്ടുമൂളുന്ന പക്ഷികൾ. പ്രകൃതിയെ കാഴ്ചയേക്കാൾ, അനുഭവമാക്കാൻ ആഗ്രഹിക്കുന്നവർ കൊതിക്കുന്ന ഇടം. ആയഞ്ചേരി പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളാണ് പൊലുതുരുത്തി, അരത്തുരുത്തി, വാളാഞ്ഞിതുരുത്തി, എലത്തുരുത്തി, കോതുരുത്തി എന്നിവ. അഞ്ച് തുരുത്തുകൾ അമ്പതിലേറെ ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. അഞ്ച് ഏക്കറോളമുള്ള ആട്ടാലക്കുനിയും ഈ കാഴ്ചകളുടെ ഭാഗമാണ്. തുരുത്തുകളുടെ ഭൂരിഭാഗവും പുറമ്പോക്കാണ്. പരിസരത്തെ ഏക്കർ കണക്കിന് തരിശുനിലവും ഇതോട് ചേർന്നുകിടക്കുന്നു. ജനവാസകേന്ദ്രത്തോട് ചേർന്നുള്ള വയലുകളിൽ മാത്രമാണ് നെൽകൃഷിയുള്ളത്. പൊലുതുരുത്തിയാണ് തുരുത്തുകളിൽ പ്രധാനം. ഇവിടെ തീക്കനൽ ചന്തത്തോടെ കാട്ടുചെക്കി യഥേഷ്ടം പൂത്തുലഞ്ഞ് നിൽക്കുന്നു. ദേശാടനപ്പക്ഷികളും നാട്ടുപക്ഷികളും ധാരാളമായി വിരുന്നെത്തുന്ന ഇടം. വടകരയിൽനിന്ന് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ആയഞ്ചേരിയിൽ എത്താം. തറോപൊയിൽ ഭാഗത്തേക്ക് രണ്ടുകിലോമീറ്റർ പിന്നിട്ടാൽ ശശിമുക്കിലെത്തും. ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയാണ് തുരുത്ത്.








0 comments