ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ജി രംഗനാഥൻ
Published on Aug 07, 2025, 12:36 AM | 2 min read
കൊട്ടാരക്കര
"നമ്മുടെ ജീവിതം തെരഞ്ഞെടുക്കുന്നത് നമ്മളാണ്. ആ ജീവിതത്തെ തകർക്കാൻ ലഹരി തടസ്സമാകരുത്. വിദ്യാഭ്യാസത്തിലും ജീവിതത്തിലും ലക്ഷ്യത്തിൽ എത്തുന്നതുവരെ തളരരുത്, പിന്നാക്കം പോകരുത്. നിരാശരാകുന്നതാണ് വലിയ പരാജയം'- റൂറൽ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ വാക്കുകളാണിത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ദേശാഭിമാനി സംഘടിപ്പിച്ച അറിവാണ് ലഹരി പരിപാടിയിൽ പങ്കെടുത്തവർ ഒന്നടങ്കം പൊലീസ് മേധാവിയുടെ വാക്കുകൾക്ക് കാതോർത്തിരുന്നു. ലഹരിക്കെതിരെ മലബാർ ഗോൾഡ്, വികെസി പ്രൈഡ് എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ ക്യാമ്പയിനിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിചേർന്നു. മനുഷ്യരാശിയെ കാർന്നു തിന്നുന്ന മഹാവിപത്തായി മാറുന്ന ലഹരി ഉപയോഗത്തിനെതിരെ ഒറ്റക്കെട്ടായി കണ്ണിയാകാൻ സദസ്സ് പ്രതിജ്ഞയെടുത്തു. പരിപാടി വിജയമാക്കാൻ കോളേജ് എൻഎസ്എസ് യൂണിറ്റും സജീവമായിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ബാനറിൽ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധേയമായി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ സെയ്‌ഫ് അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ജിനോ നൈനാൻ പ്രതിജ്ഞ ചൊല്ലിനൽകി. വിമുക്തി മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ അരവിന്ദ് ഘോഷ് ബോധവൽക്കരണ ക്ലാസെടുത്തു. പരസ്യവിഭാഗം മാനേജർ ബി ആർ ശ്രീകുമാർ, സർക്കുലേഷൻ മാനേജർ എം ആർ മനോജ്, സീനിയർ റിപ്പോർട്ടർ എം അനിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജി ആശ, വി മനു, ദേശാഭിമാനി ഏരിയ ലേഖകൻ ജി രംഗനാഥൻ, ബി ഗിരികുമാർ, എസ് ഐ അഖിൽ ചന്ദു എന്നിവർ സംസാരിച്ചു.
ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നതാണ് മയക്കുമരുന്ന് : എസ് ജയമോഹൻ
ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നതാണ് മയക്കുമരുന്ന് ഉപയോഗവും വിപണനവും എന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ ദേശാഭിമാനി സംഘടിപ്പിച്ച ‘അറിവാണ് ലഹരി’ ക്യാമ്പയിൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ ഇത്തരം പ്രവണതകളിലേക്ക് കടക്കുന്നത് ഭീതിയോടെയാണ് കാണുന്നത്. ഈ അവസരത്തിൽ വിദ്യാർഥികൾക്ക് ദിശാബോധം നൽകാൻ അറിവാണ് ലഹരി പോലെയുള്ള പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലഹരിക്ക് അടിമപ്പെട്ട കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. ലഹരിയിൽ വിപണന സാധ്യത കണ്ടെത്തുന്നവരെ പൂർണമായും ഒറ്റപ്പെടുത്തണം. ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് എസ് ജയമോഹൻ പറഞ്ഞു.
വരുന്നു ഞങ്ങൾ ഒന്നായി
ദേശാഭിമാനി സംഘടിപ്പിച്ച അറിവാണ് ലഹരി ക്യാമ്പയിന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വിദ്യാർഥികൾ സ്വീകരിച്ചത് നൃത്താവിഷ്കാരത്തോടെ. മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ സന്ദേശത്തോടെയായിരുന്നു എൻഎസ്എസ് കോ–-ഓർഡിനേറ്റർ ജി ആശയുടെ നേതൃത്വത്തിലുള്ള അവതരണം. "വരുന്നു ഞങ്ങൾ ഒന്നായി...മയക്കുമരുന്നിന് എതിരായി" എന്നു തുടങ്ങുന്ന ഗാനവും നൃത്തവും പരിപാടിയെ സമ്പുഷ്ടമാക്കി. ഇരുളടയുന്ന ലഹരിയിൽനിന്ന് സമൂഹത്തെ തിരികെ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു പ്രമേയം. ലൈഫ് ഇസ് ബ്യൂട്ടിഫുൾ എന്ന പ്ലക്കാർഡ് ഉയർത്തിയാണ് വിദ്യാർഥികൾ അണിനിരന്നത്.










0 comments