തുടരും വിജയചരിത്രം

ചാത്തന്നൂർ
എക്കാലവും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കൽ ഡിവിഷൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെവന്ന് ഡിവൈഎഫ്ഐയിലൂടെ ജനകീയനായ കെ എസ് ബിനുവിനെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കുന്നത്. എസ്എഫ്ഐ ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ഇളംകുളം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ പിൻബലത്തിലാണ് ജനവിധി തേടുന്നത്. നിലവിൽ സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവും കെഎസ്‍കെടിയു ചാത്തന്നൂർ ഏരിയ സെക്രട്ടറിയുമായ കെ എസ് ബിനുവിന്റെ കന്നിമത്സരമാണ്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജനക്ഷേമ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം മുന്നേറുന്നത്. ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ആശാദേവിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഗ്രാമീണ മേഖലയിലെ വ്യവസായ വികസനം ലക്ഷ്യമാക്കിയുള്ള ജില്ലാ പഞ്ചായത്ത് വ്യവസായ പാർക്കിന് കല്ലുവാതുക്കൽ മീനമ്പലത്ത് ഒരേക്കർ ഭൂമി വാങ്ങി. ഒരുകോടി രൂപ ചെലവിൽ വാങ്ങിയ ഭൂമിക്ക് ചുറ്റുമതിൽ നിർമിച്ചു.10ലക്ഷം രൂപ ചെലവിൽ ഇൻഡോർ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചു. കതിർമണി പദ്ധതിയിലൂടെ നെൽക്കൃഷി വ്യാപിപ്പിച്ചു. നഴ്സിങ് പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാലാഖക്കൂട്ടം പദ്ധതിയിലൂടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌റ്റൈപെൻഡോടുകൂടി അപ്രന്റീസ്ഷിപ്പിന് അവസരം നൽകി. ഈ വികസനമെല്ലാം മുതല്‍ക്കൂട്ടാക്കിയാണ് എല്‍ഡിഎഫ് വീണ്ടും വോട്ട് തേടുന്നത്. പി എസ് മനോജാണ് യുഡിഎഫ് സ്ഥാനാർഥി. ബൈജു ലക്ഷ്മണനാണ് ബിജെപി സ്ഥാനാർഥി.








0 comments