ചെറുമുറി ഒരുബിസിനസ് ലോകം

എ ബി അൻസാർ
Published on Apr 23, 2026, 12:13 AM | 1 min read
പത്തനാപുരം
ചെറിയ മുറിയിലും വലിയ സ്വപ്നങ്ങൾ വളരുമെന്നും പ്രിയ ഐസക് കാണിച്ചുതരുന്നു. വീട്ടിലെ ഒരുമുറി ഇന്ന് പ്രിയയുടെ ബിസിനസ് ലോകമാണ്. പ്രിയയുടെ ജീവിതത്തിന്റെ മുന്നോട്ടുപോക്കിനെ ആയാസരഹിതമാക്കുന്നത് ചിപ്പിക്കൂണുകളുടെ ബാഗുകൾ നിറഞ്ഞ മുറിയാണ്. മുറിഞ്ഞകൽ കളിക്കാരൻപറമ്പിൽ പ്രിയ കുടുംബ ചുമതലകളിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വന്തമായി വരുമാനത്തിന് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്നാണ് മുറിനിറയെ തൂങ്ങിയാടുന്ന ചിപ്പിക്കൂണുകളിലെത്തിയത്. സുഹൃത്തുക്കളായ മഞ്ജുവും ലീലാമ്മയും നൽകിയ ധൈര്യമാണ് പ്രിയയുടെ കൂൺ കൃഷിയുടെ അടിത്തറ. കലഞ്ഞൂർ കൃഷിഭവനിൽനിന്നുള്ള മാർഗനിർദേശങ്ങളും ക്ലാസുകളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനങ്ങളും കൂൺകൃഷിയെ മികച്ചതാക്കി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം സാമ്പത്തിക ആവശ്യകതയുമായി ചേർന്നപ്പോഴാണ് കൃഷിയിൽ പുതുവഴി തേടിയത്. കൂൺകൃഷിയെക്കുറിച്ച് അറിഞ്ഞപ്പോൾ അതൊരു ചെറിയ ആശയമായിരുന്നു. കൃഷിവകുപ്പിന്റെ പരിശീലന പരിപാടികളിൽ പങ്കെടുത്തു. ഓൺലൈൻ ക്ലാസുകൾ കണ്ടു. പുസ്തകങ്ങൾ വായിച്ചു. ഓരോ വിവരവും കുറിച്ചിട്ടു. വീട്ടിലെ ഒരു മുറിയിൽ കുറച്ച് ബാഗുകളുമായി തുടങ്ങി. ഇപ്പോൾ മുറിനിറയെ തൂങ്ങിയാടുന്ന ബാഗുകളാൽ നിറഞ്ഞു. മൂന്നാഴ്ചയോളം വെളുത്ത മുത്തുപോലെ കൂണുകൾ വിരിയാൻ തുടങ്ങി. ആദ്യ വിളവിന്റെ ഗുണമേന്മയിൽ നാട്ടുകാർ വീണ്ടും കൂൺ ആവശ്യപ്പെടാൻ തുടങ്ങി. ചെറിയ തോതിൽ ആരംഭിച്ച സംരംഭം പതിയെ വ്യാപകമായി. ഇന്ന് 200-ൽ അധികം വളർത്തുബാഗുകൾ കൈകാര്യം ചെയ്യുന്നു. കൂൺ കൃഷിക്ക് താൽപ്പര്യമുള്ള ധാരാളം വീട്ടമ്മമാരുടെ വിളികളും എത്താറുണ്ട്. മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയം നേടാൻ സാധിക്കും. വീട്ടമ്മ എന്നത് പരിധിയല്ല ശക്തിയാണെന്ന് പ്രിയ പറയുന്നു. ഭർത്താവ് റിട്ട. സൈനികൻ ഐസക് ഫിലിപ്പും കൂൺകൃഷിക്ക് സഹായമായുണ്ട്.










0 comments