പുതിയ ബോട്ട് എത്തുന്നു
അഷ്ടമുടിയുടെ കാഴ്ചകൾക്ക് മിഴിവേറും

അമൽ ഷൈജു
Published on Feb 03, 2026, 02:20 AM | 1 min read
കൊല്ലം
അഷ്ടമുടിയുടെ കാഴ്ചകൾ തടസ്സമില്ലാതെ ആസ്വദിക്കാൻ "സീ അഷ്ടമുടിയിലേക്ക്' പുതിയ അതിഥികൂടി. കോടിക്കണക്കിന് രൂപയുടെ വരുമാനവുമായി ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ മുഖമായി മാറിയ കായൽ സർവീസിലേക്കാണ് പുതിയ ബോട്ട് എത്തുന്നത്. നിലവിൽ 90 പേർക്ക് സഞ്ചരിക്കാവുന്ന ഒരു വിനോദസഞ്ചാര ബോട്ടും 101, 84 എന്നിങ്ങനെ സീറ്റുകളുള്ള രണ്ട് യാത്രാബോട്ടും ഉൾപ്പെടെ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏതെങ്കിലും ബോട്ടിന് അറ്റകുറ്റപണി വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കാൻ മറ്റൊന്നില്ലെന്ന പ്രതിസന്ധി മറികടക്കാനാണ് പുതിയത് എത്തിക്കുന്നത്. ജലഗതാഗതവകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഡീസൽ ബോട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ എത്തിക്കുകയാണ് ലക്ഷ്യം. 100 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന. 2023 മാർച്ചിൽ ആരംഭിച്ച "സീ അഷ്ടമുടി' സർവീസിൽ ഇതിനോടകം 65,000 പേരോളം സഞ്ചാരികളായെത്തി. 2023–-24 വർഷം 19,000, 24–25 വർഷം 23,000, 25–26 വർഷം ജനുവരിവരെ 22,000 എന്നിങ്ങനെയാണ് യാത്രചെയ്തത്. ഇതുവരെ 2.45 കോടി രൂപയോളം വരുമാനം ലഭിച്ചു. മാസം എട്ടുമുതൽ പത്തുലക്ഷം രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. അവധിക്കാലത്ത് 10 ലക്ഷത്തിന് മുകളിലെത്തും. മൂന്നുവർഷത്തിനുള്ളിൽ ഹിറ്റായി മാറിയ പദ്ധതിക്ക് പുതിയ ബോട്ട് എത്തുന്നതോടെ കൂടുതൽ മികവേറും. കൊല്ലം ബോട്ട് ജെട്ടിയിൽനിന്ന് പകൽ 11.30ന് പുറപ്പെട്ട് അഷ്ടമുടിക്കായലിന്റെ എട്ടുമുടികളും സന്ദർശിച്ച് കല്ലടയാറ്, സാമ്പ്രാണിക്കോടിത്തുരുത്ത്, പെരുമൺ പാലം എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് വൈകിട്ട് 4.30ന് മടങ്ങിയെത്തുന്ന വിധമാണ് അഞ്ചുമണിക്കൂർ യാത്ര സജ്ജീകരിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് സാമ്പ്രാണിത്തുരുത്തില്‍ ഇറങ്ങി കായല്‍കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര ബേട്ടിൽ 60 സീറ്റുള്ള താഴത്തെ നിലയിൽ 400 രൂപയും 30 സീറ്റുള്ള മുകളിലത്തെ നിലയിൽ 500 രൂപയുമാണ് നിരക്ക്. രണ്ടുനിലയിലും പ്രകൃതിസൗഹൃദ ശുചിമുറികളുണ്ട്. 100 രൂപയ്ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ലഭിക്കും. വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ രാത്രി സർവീസും ഒരുക്കിയിട്ടുണ്ട്. യാത്രബോട്ടിൽ ആറുരൂപയാണ് കുറഞ്ഞനിരക്ക്.










0 comments