ഇടതുകര, ഇത്തിക്കര

ഇത്തിക്കര
ഇത്തിക്കര എന്നും ഇടതുകരയാണ്. അതാണ് ഇത്തിക്കര. കർഷകരുടെയും കശുവണ്ടിത്തൊഴിലാളികളുടെയും നാടെന്നും ചുവന്നിട്ടാണ്. ജില്ലാ പഞ്ചായത്ത് രൂപീകൃതമായ കാലം മുതൽ ഒരു തവണ ഒഴികെ എൽഡിഎഫ് ജയിച്ച ഡിവിഷനാണിത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വരിഞ്ഞം വാർഡ്, ചിറക്കര പഞ്ചായത്തിലെ 14 വാർഡ്, ചാത്തന്നൂർ പഞ്ചായത്തിലെ 19 വാർഡ്, ആദിച്ചനല്ലൂരിലെ 12- വാർഡ് എന്നിവ ഉൾപ്പെടെ 45 വാർഡാണ് ഡിവിഷനിൽ ഉള്ളത്. സമസ്തമേഖലയെയും സ്പർശിച്ചുള്ള വികസനമാണ് കഴിഞ്ഞ കാലയളവിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് നടത്തിയത്. ഡിവിഷനിലെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പാക്കി. നവീകരണത്തിനും കെട്ടിട നിർമാണത്തിനും 3.53 കോടി രൂപ വിനിയോഗിച്ചു. ചാത്തന്നൂർ ജിവിഎച്ച്എസ്എസ് 40ലക്ഷം, ഉളിയനോട് ഗവ. സ്കൂളിന് ഒരു കോടി, നെടുങ്ങോലം സ്കൂളിന് 70ലക്ഷം രൂപയും ചെലവഴിച്ചു. ഡിവിഷനിലെ റോഡുകൾ ഉന്നതനിലവാരത്തിൽ പുതുക്കിപ്പണിതു. ലൈഫ് ഫിഷ് മാർക്കറ്റുകൾ സ്ഥാപിച്ചു. അങ്കണവാടി കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കി. ഇത്തിക്കരയുടെ ജനകീയമുഖവും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായ അഡ്വ. ആർ ദിലീപ് കുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ ജില്ലാ കമ്മിറ്റിഅംഗവും ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയും എഐടിയുസി ജില്ലാ കമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളി യൂണിയൻ ചാത്തന്നൂർ മണ്ഡലം പ്രസിഡന്റുമാണ്. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ ബിജു വിശ്വരാജനാണ് യുഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ സഹകരണ സെൽ ജില്ലാ കൺവീനറായ അനിത് കുമാറാണ് എൻഡിഎ സ്ഥാനാർഥി.








0 comments