ad
Deshabhimani

മലയാളി തൊട്ടാൽ ഉപ്പുവെള്ളം കുടിവെള്ളമാകും

ഹോളോഗ്രാഫ് ലിമിറ്റഡിനുവേണ്ടി പ്രേംലാൽ ബാലകൃഷ്ണപിള്ള 
വാട്ടർ ഇന്നവേഷൻ അവാർഡ് ഏറ്റുവാങ്ങുന്നു
avatar
ജി രംഗനാഥൻ

Published on Dec 16, 2025, 01:23 AM | 1 min read

കൊട്ടാരക്കര

ജലശുദ്ധീകരണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത മലയാളി ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. മാഞ്ചസ്റ്റർ സർവകലാശാലയിൽ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ പ്രേംലാൽ ബാലകൃഷ്ണപിള്ളയും രാഹുൽ രവീന്ദ്രൻനായരും നയിക്കുന്ന ഹോളോഗ്രാഫ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിനാണ് സൗദി വാട്ടർ അതോറിറ്റിയുടെ വാട്ടർ ഇന്നൊവേഷൻ അവാർഡ് ലഭിച്ചത്. 119 രാജ്യങ്ങളിൽനിന്ന് 2500ലധികം അപേക്ഷ ലഭിച്ച മത്സരത്തിൽ, കടൽജലത്തിൽനിന്ന് കുടിവെള്ളവും ദ്രവവളവും മൂല്യമേറിയ ഉപോൽപ്പന്നങ്ങളും വേർതിരിച്ചെടുക്കുന്ന ഗ്രാഫീൻ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഹോളോഗ്രാഫിനെ വിജയിയാക്കിയത്‌. പരമ്പരാഗതമായി ഉയർന്ന മർദ പമ്പുകൾ ഉപയോഗിച്ച് നടത്തുന്ന കടൽവെള്ള ശുദ്ധീകരണപ്രക്രിയയ്ക്ക് (ഡീസാലിനേഷൻ) പകരമായി വായുവിലോ ഫ്ലൂ ഗ്യാസിലോ ഉള്ള കാർബൺ ഡൈ ഓക്സൈഡാണ്‌ കടൽവെള്ളം ശുദ്ധീകരിക്കുന്നത്. ഈ നവീകരണം പരിസ്ഥിതിക്കു ഭീഷണിയായ സാന്ദ്രീകൃത ഉപ്പുവെള്ളം പൂര്‍ണമായും ഒഴിവാക്കും. ലോകത്തിന്റെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ഇ‍ൗ സാങ്കേതികവിദ്യയെ വിലയിരുത്തുന്നത്‌. ഉപ്പുവെള്ള ശുദ്ധീകരണത്തിലെ ചെലവ്‌ ഗണ്യമായി കുറയ്ക്കാനും ഇ‍ൗ സാങ്കേതികവിദ്യയ്ക്കാകും. വിജയികൾക്ക്‌ 50ലക്ഷം രൂപയാണ്‌ സമ്മാനത്തുക. ഉൽപ്പന്നം വാണിജ്യാടിസ്ഥാനത്തിലേക്ക് ഉയർത്തുന്നതിനായി രണ്ടുകോടി രൂപ മൂല്യമുള്ള പ്രോട്ടോടൈപ് പൈലറ്റിങ് പിന്തുണയും സൗദി വാട്ടർ അതോറിറ്റി നൽകും. കൊട്ടാരക്കര പുത്തൂർ കുളക്കരവീട്ടിൽ ലതികയുടെയും പരേതനായ ബാലകൃഷ്ണപിള്ളയുടെയും മകനാണ് പ്രേംലാൽ. മാന്നാർ കുട്ടമ്പേരൂർ ആഞ്ഞിലിക്കുളങ്ങര കൈലാസ് വീട്ടിൽ പരേതരായ രവീന്ദ്രൻനായരുടെയും രമാദേവിയുടെയും മകനാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home