ചൂട് ഇനിയും ഉയരും
നാട് വെന്തുരുകുന്നു

പൊള്ളുന്ന ചൂടിന‍് ആശ്വാസമായി വീടിന്റെ അടുത്ത ആറ്റിൽ അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കാരാപ്പുഴ പതിനാറിൽചിറയിൽ നിന്നുള്ള ദൃശ്യം
സ്വന്തം ലേഖിക
കോട്ടയം
ജില്ലയിൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ വെന്തുരുകി നാട്. വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയുമുണ്ട്. ബുധനാഴ്ച വാടവാതൂരിൽ 37.5 ഡിഗ്രിയും വൈക്കത്ത് 37.1 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ചൂട് 37.8 ഡിഗ്രി സെൽഷ്യസ് ആണ്. വരും ദിവസങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം. യുവി ഇൻഡക്സ് എട്ടുമുതൽ 10 വരെയുള്ള ഓറഞ്ച് മുന്നറിയിപ്പിന്റെ പരിധിയിലാണ് ജില്ല. ചൂട് കൂടിയതോടെ സൂര്യാതപവും ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പാമ്പാടി ആലാംപള്ളിയിൽ ഹോംനഴ്‌സായ കുറിച്ചി സ്വദേശിനിക്കാണ് ബുധനാഴ്ച സൂര്യാതപമേറ്റത്. വസ്‌ത്രം വിരിക്കുന്നതിനിടെ ഇടതുതോൾ ഭാഗത്താണ് സൂര്യാതപമേറ്റത്. തുടർന്ന് പരിശോധിച്ചപ്പോൾ ആ ഭാഗത്തെ തൊലിപൊളിഞ്ഞുപോയിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സനേടി.
സൂര്യാഘാതം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.
സൂര്യാതപം
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
ചൂടേറും കാലത്ത് കരുതലിന്റെ കവചമൊരുക്കാം
കോട്ടയം
ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ പ്രിയ അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങക്ക് കാരണമാകും. വേനൽക്കാലമായതിനാൽ വയറിളക്കം, മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളും ചിക്കൻ പോക്‌സ് പോലെയുള്ള പകർച്ചവ്യാധികളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി.
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം
• ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക
• മദ്യം, ചായ, കാപ്പി, കോള തുടങ്ങിയവ ഒഴിവാക്കണം • വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം • പകൽ 12 മുതൽ മൂന്നുവരെ സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം
• കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
• ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം
• ഉച്ചസമയത്ത് ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം ചെയ്യുന്നവർ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം










0 comments