വേരുകൾ ഒന്നായ്, ഇതാ മണ്ണറിഞ്ഞ സ്‌നേഹം

അയർക്കുന്നം
സാഹോദര ്യത്തിന്റെ കരുത്തും കഠിനാധ്വാനവും ഒന്നായപ്പോൾ മണ്ണിൽ വിരിഞ്ഞത് വെറുമൊരു വിളവല്ല, ഒരു നാടിനാകെ മാതൃകയായ വിജയഗാഥയാണ്. പ്രതിസന്ധികളുടെ വരൾച്ചയിൽ തളരാതെ, പരസ്പരം തണലായി നിന്ന് മണ്ണിൽ പൊന്ന് വിളയിച്ച സഹോദരങ്ങളുടെ കഥ പറയുകയാണ് ളാക്കാട്ടൂർ കണ്ടൻകാവ് പുത്തൻപുരയ്ക്കൽ ജോസഫ് തോമസും ( - കുഞ്ഞച്ചൻ) വർക്കി തോമസും (കുഞ്ഞ്). 74കാരനായ ജോസഫും 72കാരനായ വർക്കിയും രണ്ട് ശരീരവും ഒരു മനസ്സുമായി മണ്ണിൽ ഇരുവരും ഒന്നിച്ചിട്ട് ആറ് പതിറ്റാണ്ട് പിന്നിടുന്നു. കർഷകനായിരുന്ന വല്യച്ഛൻ ഔസേപ്പാണ് ഇവരുടെ വഴികാട്ടി. പാവൽ, പയർ, ഇഞ്ചി തുടങ്ങി ഏത്തക്കുല വരെ വല്ലക്കൊട്ടയിലാക്കി കാളവണ്ടിയിലും ബസിലുമൊക്കെയായി കോട്ടയം ചന്തയിലെത്തിച്ചിരുന്ന ഒരു കാലം ഇവർക്കുണ്ടായിരുന്നു. അന്ന് തുടങ്ങിയ യാത്ര ഇന്നും ആവേശത്തോടെ ഇരുവരും തുടരുകയാണ്. പുലർച്ചെ നാലിന് തുടങ്ങുന്നതാണ് ഇവരുടെ ദിനചര്യ. പള്ളിയിൽ പോയി വന്നാൽ പിന്നെ നേരെ മണ്ണിലേക്കിറങ്ങും. പച്ചക്കറി കൃഷിക്ക് പുറമെ ആട്, പശു വളർത്തലിലും സജീവമാണ്. രാസവളങ്ങളില്ലാതെ ചാണകവും ആട്ടിൻകാഷ്ഠവുമാണ് പ്രധാന വളം. തങ്ങൾ നട്ടുനനച്ചുണ്ടാക്കുന്ന വിഭവങ്ങൾ അയൽക്കാർക്കും ബന്ധുക്കൾക്കും നൽകുന്നതിലാണ് ഇവരുടെ സന്തോഷം. ജോസഫ് തോമസിന് കൂരോപ്പട പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. ഭാര്യ ലീലാമ്മയും മക്കളായ സാജൻ, ജിൻസി എന്നിവരും ജോസഫിന്റെ കൃഷിക്ക് പിന്തുണയുമായി കൂടെയുണ്ട്. വർക്കി തോമസിന് കരുത്തായി ഭാര്യ അന്നമ്മയും മക്കളായ ബിനോയിയും ബിൻസിയും കട്ടയ്ക്ക് കൂടെയുണ്ട്. പ്രായത്തിന്റെ അവശതകളില്ലാതെ മണ്ണിന്റെ ഗന്ധം ശ്വസിച്ച് ഈ സഹോദരങ്ങൾ ഇന്നും കർമനിരതരാണ്.











0 comments