പാചകവാതക വില വർധന
കേന്ദ്ര സർക്കാരിനെതിരെ വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്


സ്വന്തം ലേഖകൻ
Published on May 06, 2026, 01:30 AM | 1 min read
കോട്ടയം
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വാണിജ്യ സിലിണ്ടർവില കുത്തനെകൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്ററന്റ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്‌ത ബുധനാഴ്‌ചത്തെ 24 മണിക്കൂർ കടയടപ്പ് സമരം ജില്ലയിൽ പൂർണമായിരിക്കുമെന്ന് കെഎച്ച്‌ആർഎ ജില്ലാ കമ്മിറ്റി അറിയിച്ചു. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കൂൾബാറുകൾ, കാന്റീനുകൾ, ഓൺലൈൻ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം തടസ്സപ്പെടും. പുതുപ്പള്ളി പള്ളിയിൽ തിരുനാൾ നടക്കുന്നതിനാൽ പുതുപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളെ കടയടപ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കുന്ന വ്യാപാരികൾ ബുധനാഴ്‌ച ഗാന്ധിസ്‌ക്വയറിൽനിന്ന് ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തും. വിവിധ വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ ധർണയിൽ സംസാരിക്കും. വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും നടത്തും. കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്‌സ് സമിതി, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ എണ്ണക്കമ്പനികളുടെ ഓഫീസുകളിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്ററിങ് ജീവനക്കാരുടെ സംഘടനയായ എകെസിഎ എട്ടിന് കടയടച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1498 രൂപയാണ് ഒരു കുറ്റി സിലിണ്ടറിനുമേൽ കൂട്ടിയത്. വില വർധന പിൻവലിക്കുന്നില്ലെങ്കിൽ അനശ്‌ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്.










0 comments