തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്‌ക്കൽ ജനപ്രതിനിധി– ബഹുജന പ്രതിഷേധാഗ്നി

കോട്ടയം
ഫണ്ട് വെട്ടിക്കുറച്ചും നൽകാതെയും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധം. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. എൽഡിഎഫ് സർക്കാർ പ്ലാൻഫണ്ടിൽ തദ്ദേശസ്ഥാപനങ്ങൾക്ക് 10,189 കോടി നീക്കിവച്ചപ്പോൾ യുഡിഎഫ് സർക്കാർ 8655.45 കോടിയാക്കി കുറച്ചു. 1533. 55 കോടിയുടെ കുറവ്. തദ്ദേശസ്ഥാപനങ്ങൾ നടത്തേണ്ട ക്ഷേമപ്രവർത്തനങ്ങൾ നിർത്തിയിരിക്കുകയാണ്. മഴയിൽ പകർച്ചവ്യാധികൾ പടരുന്പോൾ ശുചീകരണത്തിനും പ്രതിരോധത്തിനും നേതൃത്വംനൽകാൻ സ്ഥാപനങ്ങൾക്ക് ആകുന്നില്ല. അങ്കണവാടികൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി. പുതുയുഗമെന്ന് വാഗ്‌ദാനംനൽകി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ഇരുണ്ട കാലത്തേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്. തിരുവാർപ്പ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റെജി സഖറിയ പനച്ചിക്കാട് പഞ്ചായത്ത് ഓഫീസ്, കെ എൻ വേണുഗോപാൽ കുമാരനല്ലൂർ മേഖലാ ഓഫീസ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ ചങ്ങനാശേരി നഗരസഭാ ഓഫീസ്, ആർജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് വാഴപ്പള്ളി എന്നിവിടങ്ങളിൽ ഉദ്‌ഘാടനംചെയ്‌തു. തിങ്കളാഴ്‌ച മറ്റുള്ള തദ്ദേശസ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടക്കും.









0 comments