പാചകവാതകക്ഷാമം രൂക്ഷം
കട മുടക്കം

കോട്ടയം കുമാരനല്ലൂരിലെ ഗോഡൗണിൽനിന്ന് ഗ്യാസ് സിലിണ്ടറുമായി പോകുന്ന ഉപഭോക്താക്കൾ

സ്വന്തം ലേഖകൻ
Published on Mar 13, 2026, 12:46 AM | 1 min read
കോട്ടയം
ഹോട്ടലുകൾക്ക് പിന്നാലെ കാന്റീനുകളും ബേക്കറികളും തട്ടുകടകളുമടക്കം നിശ്‌ചലമായിത്തുടങ്ങി. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണമായി നിലച്ചതോടെ ജില്ലയിൽ പാചകവാതക ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ 25ശതമാനം ഹോട്ടലുകൾ അടച്ചതായാണ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ കണക്ക്. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾതന്നെ ഉൗണും ഗ്യാസ് കൂടുതൽ ചെലവാകുന്ന വിഭവങ്ങളും മെനുവിൽനിന്ന് ഒഴിവാക്കി. ആശുപത്രികൾ, ഉച്ചഭക്ഷണം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് പാചകവാതകം നൽകാൻ നിർദേശമുണ്ട്. എന്നാൽ അവർക്കും ആവശ്യാനുസരണം ഗ്യാസ് നൽകാനുള്ള സ്‌റ്റോക്ക് ഏജൻസികളിൽ അവശേഷിക്കുന്നില്ല. ഒരു ഹോട്ടലിന് കൈവശം വയ്‌ക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കിയിട്ടുണ്ട്. നിലവിലെ സിലിണ്ടർ തീർന്നാൽ എപ്പോൾ ഗ്യാസ് ലഭിക്കുമെന്ന വ്യക്തമായ മറുപടിയും ഏജൻസികളിൽനിന്ന് വ്യാപാരികൾക്ക് ലഭിക്കുന്നില്ല. എന്നാൽ സ്വകാര്യ ഏജൻസികളിൽ വലിയ വിലയ്‌ക്ക് ഗ്യാസ് വിൽക്കുന്നതായും വ്യാപാരികൾ പറയുന്നു. ഏജൻസികൾ കേന്ദ്രീകരിച്ച് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. പ്രതിസന്ധി മുന്നിൽക്കണ്ട് വേണ്ടത്ര എൽപിജി കരുതൽ ശേഖരം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ് പാചകവാതകക്ഷാമം രൂക്ഷമാക്കിയത്. കുമരകം ടൂറിസം മേഖലയിലെ ബോട്ടുകളുടെ പ്രവർത്തനത്തെയും ക്ഷാമം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ബോട്ടുകളിൽ പാചകത്തിന് പാചകവാതകമല്ലാതെ മറ്റ് ബദൽമാർഗങ്ങൾ ഉപയോഗിക്കാനുമാകില്ല.











0 comments