ഗാർഹിക സിലിണ്ടർ വാങ്ങാനും തിരക്ക്

കോട്ടയം നാഗമ്പടത്തെ ഗ്യാസ് ഏജൻസിക്ക് മുമ്പിലെ തിരക്ക്
വാണിജ്യ സിലിണ്ടറുകൾക്കാണ് നിയന്ത്രണമെന്ന് പറയുന്നുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകൾ വാങ്ങാനും ഏജൻസികളിൽ വൻ തിരക്കാണ്. റീഫില്ലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തില്‍നിന്ന് കേന്ദ്ര സർക്കാർ 25 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇകെവൈസി പൂർത്തീകരിച്ചവർക്കുമാത്രമാണ് ഗ്യാസ് നൽകുക. പ്രതിസന്ധി നീണ്ടുനിൽക്കുമെന്ന് ഭയന്ന് അധികമുള്ള സിലിണ്ടറുകൾ നിറയ്‌ക്കാൻ എത്തുന്നവരുമുണ്ട്. അഞ്ച് കിലോഗ്രാം വരുന്ന ചോട്ടു ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നേരത്തെ നിർത്തിയിരുന്നു.
ശ്‌മശാനങ്ങൾക്കും താഴിടുന്നു
വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്ന പൊതുശ്‌മശാനങ്ങളും പ്രതിസന്ധിയിലാണ്. നഗരത്തിലെ പല പൊതുശ്‌മശാനങ്ങളിലും ഏതാനും സിലിണ്ടറുകളാണ് അവശേഷിക്കുന്നത്. പുതിയത് ബുക്ക് ചെയ്‌തെങ്കിലും കിട്ടുന്നില്ല. ഒരു മൃതദേഹം ദഹിപ്പിക്കാൻ രണ്ട് സിലിണ്ടറുകളെങ്കിലും വേണ്ടിവരും. പലയിടത്തും ഒരുദിവസം എട്ട് സിലിണ്ടർവരെ ആവശ്യമായി വരാറുണ്ട്. ചിരട്ടയ്‌ക്ക് കിലോയ്‌ക്ക് മുപ്പത് രൂപയ്‌ക്ക് മുകളിൽ വിലയുണ്ട്. വേണ്ടത്ര കിട്ടാനുമില്ല. വിറകിനും ക്ഷാമമുണ്ട്. ഇൗ സാഹചര്യത്തിൽ ശ്‌മശാനങ്ങൾ അടച്ചിടേണ്ട സാഹചര്യത്തിലാണ്.
ഇൻഡക്ഷൻ കുക്കർ വിൽപ്പന കൂടി
പാചകവാതകക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്. ഇ കൊമേഴ്‌സ് സൈറ്റുകൾക്കു പുറമേ ജില്ലയിലെ പ്രധാന ഹോം അപ്ലയൻസസ് കടകളിലും ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഗ്യാസ് ഉണ്ടെങ്കിലും ചോറ് വയ്‌ക്കാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്.











0 comments